വീട്ടിൽ അതിക്രമിച്ച് കയറി മോഷണം : പ്രതി അറസ്റ്റിൽ

Tuesday 02 September 2025 1:14 AM IST

തൃപ്രയാർ : തളിക്കുളം പുതിയങ്ങാടി ഒന്നാം കല്ലിലുള്ള വീട്ടിനുള്ളിലേക്ക് പിറക് വശത്തെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറി മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന 10,000 രൂപയും 3,000 രൂപ വിലവരുന്ന വസ്ത്രങ്ങളും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. റൗഡിയും നിരവധി മോഷണ കേസിലെ പ്രതിയുമായ തളിക്കുളം സി.എസ്.എം സ്‌കുളിനടുത്ത് മണക്കാട്ടുപടി വീട്ടിൽ സുഹൈൽ എന്ന സിജിൽ രാജാണ് (22) അറസ്റ്റിലായത്. സംഭവ സമയം പരാതിക്കാരനും സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. ഇവരുടെ പ്രായമായ മാതാപിതാക്കളാണ് ഉണ്ടായിരുന്നത് . പിറക് വശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന് വലപ്പാട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

സിജിൽ രാജ് മതിലകം, വാടാനപ്പിള്ളി, കൊടുങ്ങല്ലൂർ, പുതുക്കാട്, വലപ്പാട്, ചാവക്കാട്, പാലക്കാട് കൊല്ലംകോട് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലായി അഞ്ച് മോഷണക്കേസിലും, രണ്ട് പോക്‌സോ കേസിലും, ഒരു വധശ്രമക്കേസിലും, ഒരു കവർച്ചാക്കേസിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും, ഒരു തട്ടിപ്പു കേസിലും, രണ്ട് അടിപിടി കേസിലും അടക്കം പതിമൂന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്. വലപ്പാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ, സബ് ഇൻസ്‌പെക്ടർ സി.എൻ.എബിൻ, ജി.എ.എസ്.ഐ സജയൻ, സി.പി.ഒമാരായ അലി, അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.