മഴ പൊക്കോണം, നാടും നഗരവും ഓണം ഓളം

Tuesday 02 September 2025 3:16 AM IST

തൊടുപുഴ: തിരുവോണത്തിന് ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കെ നാടും നഗരവും ഓണത്തിരക്കിലായി. ഇടവിട്ട് പെയ്യുന്ന മഴയെ അവഗണിച്ച് ഇന്നലെ തൊടുപുഴ നഗരത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതൽ ഓണക്കോടിയെടുക്കാനും മറ്റുമായി എത്തിയവരുടെ തിരക്കിൽ നഗരം ഞെരുങ്ങി. പലയിടത്തും ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇടുക്കി റോഡ്, പ്രസ്‌ ക്ലബ് റോഡ്, പാലാ റോഡ്, ഗാന്ധി സ്‌ക്വയർ, അമ്പലം ബൈപ്പാസ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ മണിക്കൂറുകളോളം വാഹനങ്ങൾ നിരങ്ങിയാണ് നീങ്ങിയത്. പ്രമുഖ വ്യാപാരശാലകളുള്ള റോഡുകളിലാണ് തിരക്ക് കൂടുതൽ രൂക്ഷം. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മഴ പൂർണമായും മാറുന്നതോടെ വരും ദിവസങ്ങളിൽ തിരക്ക് കൂടുമെന്നാണ് കരുതുന്നത്. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ട്രാഫിക് പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.

എവിടെയും മലയാളിത്തം...

ഇപ്പോൾ നഗരത്തിൽ എവിടെ തിരിഞ്ഞ് നോക്കിയാലും സെറ്റ് സാരിയുടുമുടുത്ത് മുല്ലപ്പൂ ചൂടിയ മലയാളി മങ്കമാർ മാത്രം. ഇക്കൂട്ടത്തിൽ യുവതികൾ മുതൽ വൃദ്ധർ വരെയുണ്ട്. വെള്ളമുണ്ടും ഷർട്ടുമിട്ട് നേര്യതും തലയിൽകെട്ടി ഫ്രീക്കന്മാരും ബൈക്കിൽ കറങ്ങുന്നുണ്ട്. വിദ്യാലയങ്ങളിലെയും ഓഫീസുകളിലെയും ഓണാഘോഷത്തോടനുബന്ധിച്ചാണ് പുതിയ കുട്ടികളുടെ പഴയ 'പരിവേഷം".