നിതീഷിനെതിരെ 'ഇന്ത്യ' മുന്നണി നേതാക്കൾ
പാട്ന: ബീഹാറിലെ 'വോട്ടർ അധികാർ യാത്രയുടെ' സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ 'ഇന്ത്യ' മുന്നണി നേതാക്കൾ ആക്രമണം കടുപ്പിച്ചു. നിതീഷ് അഴിമതിയുടെ ഭീഷ്‌മ പിതാമഹൻ ആയിരിക്കുകയാണെന്നാണ് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചത്. ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുമ്പോൾ ഒരക്ഷരം മറുപടി നൽകുന്നില്ല. ജനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിനെ താഴെയിറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണെന്നും തേജസ്വി യാദവ് ആരോപിച്ചു. നിതീഷിന്റെ സോഷ്യലിസ്റ്റ് ചിന്താഗതി ഇപ്പോൾ എവിടെയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ചോദിച്ചു. മോദിക്കും അമിത് ഷായ‌്‌ക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ബീഹാറിലെ ജനങ്ങൾ അതു തിരിച്ചറിയണമെന്നും പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, ജെബി മേത്തർ എം.പി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.ഐ(എം.എൽ) ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ, വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സഹാനി, സി.പി.ഐ നേതാവ് ആനി രാജ, തൃണമൂൽ കോൺഗ്രസ് എം.പിയായ യൂസഫ് പത്താൻ, ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റൗത് തുടങ്ങിയവർ അണിചേർന്നു. കടുത്ത ചൂടിൽ ഡി.രാജ അവശനായി നിലത്തിരുന്നു.
കടുത്ത ചൂടിലും ആവേശം
കൊടുംചൂടിനെയും അവഗണിച്ച് 'ഇന്ത്യ' മുന്നണി പാർട്ടികളിലെ പതിനായിരകണക്കിന് പ്രവർത്തകരാണ് ഇന്നലെ പാട്നയിലെത്തിയത്. നിരത്തുകളിൽ വോട്ടുക്കൊള്ളയ്‌ക്കെതിരെയുള്ള പാട്ടുകളുമിട്ട് പ്രവർത്തകരുടെ വാഹനങ്ങളുടെ നീണ്ടനിര. നേതാക്കളെ കണ്ടപ്പോൾ അവരുടെ ആവേശം അണപൊട്ടി. പാട്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്തു നിന്ന് 'ഗാന്ധി മുതൽ അംബേദ്‌കർ വരെ' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിപക്ഷ മുന്നണിയുടെ സമാപനയാത്ര.
വിമർശിച്ച് ബി.ജെ.പി
'ഹൈഡ്രജൻ ബോംബ്' ഉടൻ പുറത്തുവിടുമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ബി.ജെ.പി വിമർശിച്ചു. പ്രതിപക്ഷ നേതാവാണ് രാഹുൽ. ഉത്തരവാദിത്ത ബോധമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹത്തിൽ നിന്നുണ്ടാകുന്നത്. ബീഹാറിലെ ജനങ്ങളെ തെറ്രിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു.