ഹിമാചലിൽ കുടുങ്ങിയ മലയാളി സംഘം സുരക്ഷിതർ

Tuesday 02 September 2025 1:51 AM IST

ന്യൂഡൽഹി: മിന്നൽ പ്രളയത്തെ തുടർന്ന് ഹിമാചൽ പ്രദേശിലെ കൽപയിൽ കുടുങ്ങിയ 18 മലയാളികളുൾപ്പെടെ 25 അംഗ വിനോദസഞ്ചാരികൾ സുരക്ഷിതരാണെന്ന് കിനൗർ ജില്ലാ ഭരണകൂടം അറിയിച്ചു. കനത്ത മഴയും മണ്ണിടിച്ചിലും കാരണം റോഡ് ഗതാഗതം തടസപ്പെട്ടതോടെയാണ് സംഘം കുടുങ്ങിയത്.

ഹിമാചൽ പൊലീസും ഉദ്യോഗസ്ഥരും കൽപയിൽ ഇവർ താമസിക്കുന്ന ഹോട്ടലിലെത്തി സഹായം ഉറപ്പുനൽകി. റോഡു വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ച് വിനോദസഞ്ചാരികളെ ഷിംലയിലെത്തിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മലയാളികൾ ഉൾപ്പെട്ട സംഘത്തെ ഷിംലയിൽ എത്തിക്കാനുള്ള നടപടികൾ ഊർജിതമായി നടക്കുന്നുണ്ടെന്ന് ഹിമാചൽ സർക്കാർ അറിയിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഓഫീസ് അറിയിച്ചു.

ആഗസ്റ്റ് 25ന് ഡൽഹിയിൽ നിന്ന് തിരിച്ച സംഘം സ്പിതിയിൽ നിന്ന് ഷിംലയിലേക്ക് പോകവെയാണ് മണ്ണിടിച്ചിലുണ്ടായത്. കൽപയിലെ ഹോട്ടലിൽ തുടരുന്ന തങ്ങൾക്ക് ഭക്ഷണവും വെള്ളവുമടക്കം അവശ്യസാധനങ്ങളുടെ കുറവുണ്ടെന്നും ഷിംലയിൽ എത്തിക്കണമെന്നും മലയാളികൾ ആവശ്യപ്പെട്ടിരുന്നു. പലരുടെയും ആരോഗ്യനില മോശമാണെന്നും അവർ പറഞ്ഞിരുന്നു.