ചങ്ങാലിക്കോടൻ മുതൽ വരവൂർ ഗോൾഡ് വരെ , ഒാണത്തിനൊരുങ്ങി കുടുംബശ്രീ വിപണനമേള

Tuesday 02 September 2025 12:04 AM IST
തൃശൂർ ടൗൺ ഹാളിലെ കുടുംബശ്രീ വിപണമേളയിൽ നിന്ന്.

തൃശൂർ: ഓണത്തിന് കാഴ്ചക്കുല സമർപ്പണത്തിനായി ചങ്ങാലിക്കോടൻ തപ്പി നടക്കേണ്ട, തൃശൂർ ടൗൺ ഹാളിലെ കുടുംബശ്രീ വിപണമേളയിലെല്ലാമുണ്ട്. നേന്ത്രക്കായിക്ക് പുറമെ വരവൂർ ഗോൾഡ് എന്ന കൂർക്കയും ഇവിടെ റെഡിയാണ്. ഒപ്പം കുടുംബശ്രീയുടെ സ്വന്തം കൃഷിയിടങ്ങളിൽ വിളയിച്ചെടുത്ത വിവിധതരം പച്ചക്കറികളും 50 ഓളം സ്റ്റാളുകളിലായി കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും തുണിത്തരങ്ങളും ഇവിടെയുണ്ട്. കുടുംബശ്രീ ഫുഡ് കോർട്ടും പ്രധാന ആകർഷണമാണ്. കുടുംബശ്രീയുടെ സ്വന്തം വയനാടൻ വനസുന്ദരി, കാസർകോട് നെയ് പത്തലും ചിക്കൻ ചുക്കയും, ബിരിയാണികൾ, വിവിധതരം പായസങ്ങൾ, ജ്യൂസുകൾ, ലൈവ് ചിപ്‌സ് തുടങ്ങിയവയും ആസ്വദിക്കാം. മേള സെപ്തംബർ നാല് വരെ നീണ്ടുനിൽക്കും. എല്ലാ ദിവസവും വൈകിട്ട് കുടുംബശ്രീ അംഗങ്ങൾ, ജീവനക്കാർ, വിദ്യാർത്ഥികൾ, കലാപ്രവർത്തകർ എന്നിവരുടെ കലാപരിപാടികളും മേളയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. പ്രവേശനം സൗജന്യമാണ്.

ഇന്ന് മെറിറ്റ് ഡേ

കുടുംബശ്രീ പ്രവർത്തനങ്ങളിൽ കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവച്ചവരെയും സംസ്ഥാന പുരസ്‌കാരം ലഭിച്ച ബാലസഭ, ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളെയും അരങ്ങ് സംസ്ഥാനതല കലോത്സവം വിജയികളെയും കുടുംബശ്രീ അവാർഡ് ജേതാക്കളെയും ഇന്ന് അനുമോദിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ടൗൺഹാളിൽ നടക്കുന്ന 'മെറിറ്റ് ഡേ' റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും. കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയാകും.