വെണ്ണൂർ ബാങ്കിന്റെ തനി നാടൻ ഓണച്ചന്ത

Tuesday 02 September 2025 12:06 AM IST

അന്നമനട: പത്തുവർഷമായി മുടങ്ങാതെ ഒരുക്കിവരുന്ന ഓണപ്പൂന്തോട്ടവും നാടൻ ഓണച്ചന്തയും വെണ്ണൂർ ബാങ്ക് ഇത്തവണയും ഒരുക്കി. മഴ മൂലം വിളവെടുപ്പ് വൈകിയെങ്കിലും പൂക്കളും പച്ചക്കറികളും വിളഞ്ഞു പാകമായി. ബാങ്ക് പ്രസിഡന്റ് എം.ബി. പ്രസാദ് വിളവെടുപ്പിന് നേതൃത്വം നൽകി. നാടൻ പച്ചക്കറികൾ മാത്രം ഉൾപ്പെടുത്തിയുള്ള ബാങ്കിന്റെ ഓണച്ചന്ത ശ്രദ്ധേയമാണ്. വെളിച്ചെണ്ണയിൽ ഒരുക്കുന്ന കായ ഉപ്പേരി, ശർക്കര വരട്ടി, നാലു വെട്ടി തുടങ്ങിയ വിഭവങ്ങൾ തേടി നാട്ടുകാർക്ക് പുറമേ വിദേശത്തുനിന്നും വരുന്നവരുമുണ്ട്. ഓണപ്പായസം പോലും മിതമായ നിരക്കിൽ ഓർഡർ പ്രകാരം ലഭ്യമാക്കുന്നുണ്ട്. ' മണ്ണ് മുതൽ വിപണനം വരെ' എന്ന രീതിയിൽ പ്രവർത്തിക്കുന്ന കാർഷിക ബാങ്കായ വെണ്ണൂർ ബാങ്ക് ഓണം എന്ന കാർഷികോത്സവത്തിന് നാട്ടിൽ സമൃദ്ധിയുടെ നിറക്കൊടി ഉയർത്തുകയാണ്.