തൊഴിലാളികളുടെ കണ്ണുനീരിന് വില നൽകേണ്ടിവരും
Tuesday 02 September 2025 12:08 AM IST
തൃശൂർ: തൊഴിലാളികളുടെ കണ്ണുനീരിന് പിണറായി സർക്കാർ വലിയ വില നൽകേണ്ടിവരുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശികയും ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ ഐ.എൻ.ടി.യുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷൻ കുടിശിക ഓണത്തിനുമുൻപ് വിതരണം ചെയ്യുക, മുടങ്ങിയ ആനുകൂല്യങ്ങൾ ഉടൻ കൊടുക്കുക, ക്ഷേമനിധി ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ജി. ബേബി അദ്ധ്യക്ഷത വഹിച്ചു. വറീത് ചിറ്റിലപ്പിള്ളി, അഡ്വ: സിജോ കടവിൽ, തുടങ്ങിയവർ പ്രസംഗിച്ചു.