കൃഷിയിടങ്ങളിൽ വാനരക്കൈയേറ്റം : നഷ്ടത്തിൽ കൂപ്പുകുത്തി കർഷകർ

Tuesday 02 September 2025 12:11 AM IST
വാനരൻമാർ തിന്ന് തീർത്ത നേന്ത്രക്കായകുല

തൃശൂർ : വാനരശല്യത്തിൽ കൃഷിയിടങ്ങളിൽ ലക്ഷങ്ങളുടെ നഷ്ടം. നേന്ത്രവാഴക്കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ. മുള്ളൂർക്കര - കാഞ്ഞിരശേരി മേഖലയിലാണ് വാനരശല്യം കർഷകരെ വലയ്ക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ ചെങ്ങാലിക്കോടൻ ഉൾപ്പെടെയുള്ളവയാണ് ഇവ ഭക്ഷണമാക്കിയത്. വാനരശല്യത്തിന് പുറമേ കാട്ടുപന്നികളും മരപ്പട്ടികളും നാശം വിതയ്ക്കുന്നുണ്ട്. നേന്ത്രവാഴ, കദളി ഉൾപ്പെടെയുള്ളവയാണ് നശിപ്പിച്ചത്. മുൻകാലങ്ങളിൽ ഞാലിപ്പൂവൻ ഉൾപ്പെടെ കൃഷി ഇറക്കിയിരുന്നെങ്കിലും ഇവയുടെ ആക്രമണം മൂലം അതെല്ലാം ഉപേക്ഷിച്ചു. അടുത്തവർഷം മുതൽ നേന്ത്രവാഴ കൃഷിയോടും വിട പറയാനൊരുങ്ങുകയാണ് മേഖലയിലെ കർഷകർ. കുരങ്ങന്മാർ പകൽസമയം മുഴുവൻ കൂട്ടത്തോടെയെത്തും.

നട്ടത് ആയിരം, കിട്ടിയത് നാനൂറ്

ആലാട്ട് ചന്ദ്രൻ മുള്ളൂർക്കര കാഞ്ഞിരശേരിയിലെ രണ്ടേക്കറോളം വരുന്ന സ്ഥലത്ത് ഇറക്കിയത് ആയിരത്തോളം ചെങ്ങാലിക്കോടനും കദളി വാഴകളുമായിരുന്നു. കൃഷിയിറക്കി ഏതാനും ആഴ്ചയ്ക്കുള്ളിൽ 200 ഓളം വാഴതൈകൾ കാട്ടുപ്പന്നി നശിപ്പിച്ചു. ബാക്കിയുള്ള എണ്ണൂറെണ്ണത്തിൽ 300 എണ്ണം കാറ്റും കൊണ്ടു പോയി. തുടർന്ന് ശ്രദ്ധയോടെ പരിപാലിച്ച് ഓണത്തിന് വിളവെടുക്കാൻ പാകമായ സമയത്താണ് നൂറോളം വാഴക്കുലകൾ കുരങ്ങന്മാർ ശാപ്പിട്ടത്. പകൽസമയങ്ങളിൽ കൂട്ടത്തോടെയെത്തുകയാണ് ഇവയെന്ന് കർഷകർ പറയുന്നു. രാത്രികാലങ്ങളിൽ മരപ്പട്ടി ശല്യവുമുണ്ട്. പകൽ ഇവയെ ആട്ടിയോടിക്കാനായി ഒന്നോ രണ്ടോ പേരെ ആഴ്ചകളായി കൂലിക്ക് നിറുത്തുകയാണ്. ഓരോന്നും ആയിരത്തിലേറെ വില വരുന്ന കുലകളാണ് ഇവ ഭക്ഷണമാക്കിയത്. അതേസമയം രാത്രികാലങ്ങളിലെ മരപ്പട്ടി ശല്യം ഒഴിവാക്കാനാകില്ലെന്നും കർഷകർ പറഞ്ഞു.

ഏറെ പണിപ്പെട്ടാണ് ഇത്രയെങ്കിലും സംരക്ഷിക്കാനായത്. നഷ്ടം സംഭവിച്ചതിനെ കുറിച്ച് കൃഷി ഭവനിൽ നിവേദനം നൽകിയിട്ടുണ്ട്.

ചന്ദ്രൻ ആലാട്ട്,

കർഷകൻ.