മത്സ്യകൃഷിയിൽ പുതുവിപ്ലവമായി പാലക്കാട്

Tuesday 02 September 2025 1:47 AM IST

ഉൾനാടൻ മത്സ്യകൃഷി ഓരോവർഷം കഴിയുന്തോറും പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും കടൽ തീരമില്ലാത്ത പാലക്കാട് മത്സ്യകൃഷിയിൽ മറ്റ് ജില്ലകൾക്ക് പുത്തൻ മാതൃകയാകുകയാണ്. പുഴകൾ, വയലുകൾ, തോടുകൾ, കുളങ്ങൾ എന്നിവയാൽ സമ്പന്നമാണ് പാലക്കാട്. ജില്ലയിലെ മിക്ക പുഴകളിലും അണക്കെട്ടുകളും തടയണകളും നിർമ്മിച്ചിട്ടുണ്ട്. ഇവ മത്സ്യകൃഷിക്കും മത്സ്യബന്ധനത്തിനും അനുയോജ്യമാണ്. മത്സ്യബന്ധനത്തെ അപേക്ഷിച്ച് മത്സ്യകൃഷിക്കാണ് ജില്ലയിൽ പ്രാധാന്യമേറെ.

കടൽ മത്സ്യങ്ങളോളം തന്നെ മലയാളിക്ക് തീൻമേശയിൽ ഏറ്റവും പ്രിയപ്പെട്ടതാണ് ശുദ്ധജല മത്സ്യങ്ങളും. ഉൾനാടൻ ശുദ്ധജല മത്സ്യകൃഷിക്ക് വലിയ വിപണി സാദ്ധ്യതയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം ടാങ്കുകൾ, പടുതാ - സ്വകാര്യ കുളങ്ങൾ, പൊതുകുളങ്ങൾ എന്നിവയിലാണ് പ്രധാനമായും ജില്ലയിൽ മത്സ്യകൃഷി നടത്തുന്നത്. കുളങ്ങൾ കൂടുതലുള്ള ജില്ല ആയതിനാൽ കുളങ്ങളിലെ മത്സ്യകൃഷിക്കും സവിശേഷ പ്രാധാന്യമുണ്ട്. പരമ്പരാഗത രീതിയിലും ശാസ്ത്രീയ അടിത്തറയോടെയും കർഷകർ നൂതനകൃഷി രീതികളാണ് പ്രയോഗിക്കുന്നത്. ബഹുഭൂരിപക്ഷം കർഷകരും സമ്മിശ്ര കൃഷി രീതിയായ കാർപ്പ് മത്സ്യകൃഷിയാണ് ചെയ്ത് വരുന്നത്. കാർപ്പ് മത്സ്യങ്ങളായ കട്ല, രോഹു, മൃഗാല, സൈപ്രിനസ്, ഗ്രാസ് കാർപ്പ് തുടങ്ങിയവയും, നൈൽ തിലാപിയ, ആസാം വാള, വരാൽ, അനബാസ് തുടങ്ങിയ ഇനം മത്സ്യങ്ങളെയും ജില്ലയിൽ കൃഷി ചെയ്തു വരുന്നു. കുളങ്ങളിലെ മത്സ്യകൃഷി കൂടാതെ നൂതന കൃഷി രീതികളായ പടുതാകുളങ്ങളിലെ അതി സാന്ദ്രതാ മത്സ്യകൃഷി, റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം അഥവാ അക്വാപോണിക്സ്, ബയോഫ്‌ളോക്ക് മത്സ്യകൃഷി, ക്വാറിക്കുളങ്ങളിൽ കൂട് മത്സ്യകൃഷി എന്നിവയും നടപ്പിലാക്കി വരുന്നു. ഇത്തരം കൃഷി രീതികൾ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ നടപ്പിലാക്കുമ്പോൾ മത്സ്യകൃഷിക്ക് പ്രാധാന്യം വർദ്ധിക്കുന്നു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ജലാശയങ്ങൾ മത്സ്യകൃഷിക്കായി കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനായുള്ള നടപടികൾ ഫിഷറീസ് വകുപ്പ് സ്വീകരിച്ചു വരികയാണ്. ജില്ലയിൽ 1000 ഹെക്ടർ വിസ്തൃതിയിൽ കുളങ്ങളിലെ കാർപ്പ് മത്സ്യകൃഷി നടപ്പിലാക്കുന്നതിനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

 അണക്കെട്ടുകളിൽ നിക്ഷേപിച്ചത് 57.79 ലക്ഷം മത്സ്യകുഞ്ഞുങ്ങൾ

2024 - 25 വർഷത്തിൽ 57.79 ലക്ഷം മത്സ്യകുഞ്ഞുങ്ങളെയാണ് ജില്ലയിലെ അണക്കെട്ടുകളിലായി നിക്ഷേപിച്ചത്. ജില്ലയിലെ 11 അണക്കെട്ടുകളിൽ ഏഴ് എണ്ണത്തിലാണ് മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തിവരുന്നത്. മലമ്പുഴ, വാളയാർ, മീങ്കര, ചുള്ളിയാർ, മംഗലം, പോത്തുണ്ടി, കാഞ്ഞിരപ്പുഴ എന്നിവയിലാണ് മത്സ്യകൃഷി നടക്കുന്നത്. കേരള റിസർവോയർ ഫിഷറീസ് ഡെവലപ്പ്‌മെന്റ് പ്രൊജക്ട്, ജില്ലാ പഞ്ചായത്ത് പദ്ധതികൾ എന്നിവയിലൂടെയും മത്സ്യകൃഷി നടത്തുന്നുണ്ട്. മത്സ്യതൊഴിലാളികളുടെ ഉപജീവനത്തിനായി ഇത്തരം പദ്ധതികൾ ഉപകാരപ്പെടുന്നുണ്ടെന്നതാണ് ആശ്വാസം. മലമ്പുഴ അണക്കെട്ടിലെ മത്സ്യബന്ധനം സ്വയംസഹായ സംഘങ്ങൾ വഴിയും മറ്റു അണക്കെട്ടുകളിലെ മത്സ്യബന്ധനം പട്ടിജാതി പട്ടികവർഗ റിസർവോയർ ഫിഷറീസ് സഹകരണ സംഘങ്ങൾ വഴിയുമാണ് നടക്കുന്നത്.

 തൊഴിലാളികൾക്ക് ആശ്വാസം

ആദ്യ ഘട്ടത്തിൽ പൊതുകുളങ്ങളിലും മറ്റു പൊതുജലാശയങ്ങളിലും മത്സ്യക്കുഞ്ഞുങ്ങളെ നക്ഷേപിക്കുന്ന പദ്ധതികൾ നടപ്പിലാക്കി. പിന്നീട് എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം എന്ന കാഴ്ചപ്പാടോടെ മുഖ്യമന്ത്രിയുടെ മുൻഗണനാ പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതു കുളങ്ങൾ ഗുണഭോക്താക്കളെ / ഗ്രൂപ്പുകളെ കണ്ടെത്തി ചുമതല ഏൽപ്പിച്ചു. ഇതിലൂടെ പ്രാദേശികമായി മത്സ്യഉത്പ്പാദനം വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കാനും സാധിച്ചു. ഉപയോഗം കുറഞ്ഞതോടെ പഴയ കുളങ്ങൾ ഉപയോഗ ശൂന്യമാകുകയോ നികത്തപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളാണ് ഉണ്ടായിരുന്നത്. കൊവിഡ് 19 മഹാമാരി മൂലമുണ്ടായ നഷ്ടങ്ങൾ നികത്തുന്നതിനായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ഭക്ഷ്യഉത്പാദനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതിയിലൂടെ പൊതുകുളങ്ങളും സ്വകാര്യകുളങ്ങളും മത്സ്യഉത്പ്പാദന കേന്ദ്രങ്ങളാക്കി മാറ്റാനായത് ജലസമ്പത്ത് വർദ്ധിപ്പിക്കാനും ഭൂഗർഭ ജലവിതാനം നിലനിർത്താനും സമീപ പ്രദേശത്തെ കിണറുകളിലും മറ്റു കുടിവെള്ള സ്രോതസുകളിലും ശുദ്ധജല ലഭ്യതയ്ക്കും സഹായകമായി.

 അഞ്ച് മത്സ്യവിത്തുത്പ്പാദന കേന്ദ്രങ്ങൾ

മീങ്കര, ചുള്ളിയാർ, മംഗലം, വാളയാർ, മലമ്പുഴ എന്നിവിടങ്ങളിലായി ജില്ലയിൽ അഞ്ച് മത്സ്യ വിത്തുത്പ്പാദന കേന്ദ്രങ്ങളാണുള്ളത്. 2024 - 25 വർഷത്തിൽ അഞ്ചിനും ഉത്പാദന ലക്ഷ്യം കൈവരിക്കാനായെന്നത് വലിയ നേട്ടമാണ്. മലമ്പുഴ ദേശീയ മത്സ്യവിത്തുത്പ്പാദന കേന്ദ്രമാണ് കേരളത്തിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ശുദ്ധജല മത്സ്യവിത്തുത്പ്പാദന കേന്ദ്രം. 2024 - 25 വർഷത്തിൽ ഫാമിന്റെ പരമാവധി ഉത്പാദന ശേഷിയായ ഒന്നര കോടി മത്സ്യ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. പ്രേരിത പ്രജനനത്തിലൂടെ കാർപ്പ് മത്സ്യങ്ങളായ കട്ല, രോഹു, മൃഗാള്, സൈപ്രിനസ്, ഗ്രാസ് കാർപ്പ് എന്നിവയുടെ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

 സന്ദർശകരെ വരവേറ്റ് അക്വേറിയം

ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള മലമ്പുഴ ഉദ്യാനത്തിന് സമീപമുള്ള മത്സ്യ ആകൃതിയിലുള്ള മലമ്പുഴ ശുദ്ധ ജല അക്വേറിയത്തിലേക്ക് സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി സന്ദർശകരുണ്ടാകാറുണ്ട്. ആധുനിക രീതിയിലുള്ള ശീതീകരിച്ച അക്വേറിയം കോംപ്ലക്സും ഇവിടെ പ്രവർത്തിക്കുന്നു. വിവിധയിനം ശുദ്ധജല മത്സ്യങ്ങളെ കൂടാതെ സമുദ്ര മത്സ്യങ്ങളും മറ്റ് ജീവികളായ ലോബ്സ്റ്റർ, സീ അനമോൺ എന്നിവയുള്ള ടച്ച് പൂളൂം ഇവിടത്തെ പ്രധാന ആകർഷണമാണ്. ദീർഘ ചതുരാകൃതിയിലുള്ള അക്വേറിയം കൂടാതെ പ്ലാസ്മ അക്വേറിയം നാനോ അക്വേറിയം എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. അക്വേറിയത്തിന്റെ പ്രവർത്തന സമയം അവധി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയും മറ്റ് ദിവസങ്ങളിൽ രാവിലെ 11മുതൽ രാത്രി 8വരെയുമാണ്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയും ആണ് നിലവിലെ ടിക്കറ്റ് നിരക്ക്. 2024 - 25 വർഷത്തിൽ മാത്രം രണ്ടു ലക്ഷത്തിനടുത്ത് ആളുകൾ അക്വേറിയം സന്ദർശിച്ചിട്ടുണ്ട് .