പരിശോധിക്കാൻ ആളില്ല,​ ഭക്ഷണത്തിന് നോ സുരക്ഷ

Tuesday 02 September 2025 1:08 AM IST

കോട്ടയം: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കടകളിലും മറ്റുമുള്ള പരിശോധന വഴിപാടായി മറി. മായം കലർന്ന സാധനങ്ങൾ വിൽക്കുകയും അമിത നിരക്ക് ഈടാക്കുകയും ചെയ്യുന്ന കച്ചവടക്കാർക്ക് ലാഭം കൊയ്യാൻ ഇത് 'സൗകര്യമായി. എണ്ണ വില കൂടിയതോടെ മായം കലർന്ന ഭക്ഷ്യ എണ്ണ വ്യാപകമായി എത്തുന്നതുൾപ്പെടെ തടയാൻ ഭക്ഷ്യ വകുപ്പിനാകുന്നില്ല. പരിശോധിച്ച് പിഴ ഈടാക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ സർക്കാരിന് ലഭിക്കേണ്ട വരുമാനത്തെയും ബാധിക്കുന്നു.

നിയോജകമണ്ഡലം അടിസ്ഥാനത്തിൽ കേരളത്തിൽ 140 ഭക്ഷ്യസുരക്ഷ ഓഫീസർമാരാണുള്ളത്. 10 ഭക്ഷ്യസുരക്ഷ ഓഫീസർമാരുടെ തസ്തിക ഉൾപ്പടെ 32 ക്ലറിക്കൽ തസ്തികകൾ ഓണവും മറ്റും കണക്കിലെടുത്ത് സമീപകാലത്അനുവദിച്ചിരുന്നു. ഏറെ തിരക്കേറിയ 10 സർക്കിളുകൾ രണ്ടായി തിരിച്ചു മികച്ച പ്രവർത്തനം ലക്ഷ്യമാക്കിയാണ് ഭക്ഷ്യസുരക്ഷ ഓഫീസർമാരുടെ പുതിയ തസ്തികകൾ അനുവദിച്ചത്.

ഒരു സർക്കിൾ ഓഫീസിൽ ഒരു ക്ലാർക്ക്, ഒരു ഓഫീസ് അറ്റന്റന്റ് എന്നിങ്ങനെയാണ് ജീവനക്കാരുടെ ഘടന. എന്നാൽ പുതുതായി അനുവദിച്ച സർക്കിൾ കൂടി ചേർത്ത് 150 സർക്കിളുകളിൽ 70 ഓഫീസ് അറ്റന്റന്റ് തസ്തിക മാത്രമാണ് നിലവിലുള്ളത്. മറ്റു 80 സർക്കിളുകളിൽ ജീവനക്കാർക്ക് അധിക ചുമതല നൽകിയാണ് റെയ്ഡ് അടക്കം വ്യാപക പരിശോധനകൾ നടത്തുന്നത്.

അധിക ചുമതല താങ്ങാകുന്നില്ല

തങ്ങൾക്ക് അധികചുമതല നൽകുന്നത് ഭക്ഷ്യ സുരക്ഷാ ഓഫീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുവെന്ന് ജീവനക്കാർ പറയുന്നു.

മിക്ക സർക്കിളുകളിലും ക്ലർക്കുമാർക്കും അധികചുമതല നൽകിയിട്ടുള്ളതിനാൽ കടകളിൽ പരിശോധന നടത്തേണ്ട സമയത്ത് ഓഫീസ് അടച്ചിടേണ്ട സ്ഥിതിയാണ്.

ഭക്ഷ്യസുരക്ഷ ഓഫീസർമാരെ പരിശോധനയിലും മറ്റും സഹായിക്കുന്ന ചുമതലയാണ് ഓഫീസ് അറ്റന്റൻറ് മാർക്കുള്ളത്. പല വകുപ്പുകളിലുംഅറ്റന്റർമാരുടെ തസ്തിക വെട്ടിച്ചുരുക്കുമ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സുഗമമായ പ്രവർത്തനത്തിന് അറ്റന്റർമാരുടെ സേവനം അത്യാവശ്യമാണെങ്കിലും മറ്റ് ജീവനക്കാർക്ക് ഈ ജോലി കൂടി അധികമായി നൽകുകയാണ് സർക്കാർ.

തിരക്കേറിയ സർക്കിളുകളിൽ എങ്കിലും പുതിയ തസ്തിക അടിയന്തിരമായി അനുവദിക്കണം. ഓഫീസ് അറ്റന്റർരെ ആവശ്യമില്ലാത്ത വകുപ്പുകളിൽ നിന്നും ഭക്ഷ്യസുരക്ഷ വകുപ്പിലേക്കു ഓഫീസ് അറ്റന്റൻറ്മാരെ അടിയന്തിരമായി പുനർവിന്യസം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണം

എബി ഐപ്പ് (ഭക്ഷ്യോപദേശകവിജിലൻസ് സമതി അംഗം)​