വികസനത്തിന്റെ തുരങ്കപാത

Tuesday 02 September 2025 1:11 AM IST

മലബാറിന്റെ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണോദ്‌ഘാടനം നിർവഹിച്ച ഇരട്ട തുരങ്കപാത. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നാലുവർഷം കഴിഞ്ഞ് നിർമ്മാണം പൂർത്തിയാകുമ്പോൾ രണ്ട് ജില്ലകളുടെ മലയോര മേഖലയുടെ വികസന പിന്നാക്കാവസ്ഥ കൂടി പരിഹരിക്കാൻ പര്യാപ്തമാകും,​ അത്. താമരശ്ശേരി ചുരം ഇടിയുന്നത് ആവർത്തിക്കുന്ന സംഭവവികാസമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം വാഹന യാത്രക്കാർക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. മാത്രമല്ല, ശക്തമായ മഴയിലും മറ്റും ഇവിടെ മണിക്കൂറുകളോളം യാത്ര വൈകുകയും തടസപ്പെടുകയും ചെയ്യും. ഇതിനു പുറമെ വലിയ കണ്ടെയ്‌നർ ലോറികളും മറ്റും ചരിഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നതും ആവർത്തിക്കപ്പെടുന്ന സംഭവങ്ങളാണ്. അതിനാൽ വയനാടിന്റെ ഏറെക്കാലമായുള്ള ബദൽ പാത ആവശ്യം നിറവേറ്റുന്നതു കൂടിയാവും ഇരട്ട തുരങ്കപാത.

നിർദ്ദിഷ്ട തുരങ്കപാതയുടെ നീളം 8.73 കിലോമീറ്ററാണ്. 2134 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ 90 ശതമാനവും ഏറ്റെടുത്തു കഴിഞ്ഞു. കേരള പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് ഇതിനായുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ. ഭോപ്പാലിലെയും കൊൽക്കത്തയിലെയും രണ്ട് സ്വകാര്യ കമ്പനികളാവും നിർമ്മാണം പൂർത്തിയാക്കുക.

ഈ ഇരട്ട തുരങ്കപാത പൂർത്തിയാകുന്നതോടെ വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് എത്താനുള്ള ദുർഘടങ്ങൾ അവസാനിക്കുമെന്നു കരുതാം. മാത്രമല്ല,​ തുരങ്കത്തിലൂടെ സഞ്ചരിക്കാനുള്ള കൗതുകംകൊണ്ടു മാത്രം ടൂറിസ്റ്റുകൾ എത്താനുള്ള സാദ്ധ്യതയും വർദ്ധിക്കും. ബംഗളൂരു വഴി ഉത്തരേന്ത്യയിലേക്കുള്ള ചരക്ക് ഗതാഗതത്തിനും പാത പ്രധാന പങ്ക് വഹിക്കുന്നതായിരിക്കും.

കേന്ദ്രം സഹായം നിഷേധിച്ചാലും വികസന പദ്ധതികളിൽനിന്ന് പിന്നാക്കം പോവില്ലെന്നതിനു തെളിവാണ് വയനാട്ടിലെ ഇരട്ട തുരങ്കപാതയുടെ തുടക്കമെന്നാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്. കിഫ്‌ബിയെ തകർക്കാൻ നീക്കമുണ്ടായി. എന്നാൽ അതിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് തുരങ്കപാത നിർമ്മിക്കുന്നത്. പദ്ധതി മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം, കാർഷിക മേഖലകൾക്ക് കുതിപ്പേകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തുരങ്കപാതയുടെ നിർമ്മാണം അതീവ ശ്രദ്ധയോടെ നിർവഹിക്കേണ്ട ഒന്നാണ്. ഇക്കാര്യത്തിൽ മുൻ അനുഭവമുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ മേൽനോട്ടം നിശ്ചിത സമയപരിധിക്കുള്ളിൽ പാത പൂർത്തിയാക്കാൻ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ വികസന പദ്ധതികൾ പാടെ ഉപേക്ഷിക്കാൻ ഒരു സർക്കാരിനും കഴിയില്ല. പരിസ്ഥിതി നാശം പരമാവധി കുറയ്ക്കാനുള്ള നടപടികളും അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള ബോധവത്ക‌രണവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.

പരിസ്ഥിതിയുടെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടത്താൻ സാദ്ധ്യതയുള്ളതിനാൽ ഇക്കാര്യത്തിൽ ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. വയനാട് ചുരത്തിന് ബദലായുള്ള ഈ ഇരട്ട പാത നാലുവർഷത്തിനകം പൂർത്തിയാകുമ്പോൾ അത് രാജ്യത്തെ ഏറ്റവും വലിയ ഇരട്ട പാതയായി മാറും. കേരളത്തിലെ ഏറ്റവും നീളമേറിയ തുരങ്ക പാതയും ഇതാവും. കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് മുതൽക്കൂട്ടാവുന്ന ബൃഹദ് പദ്ധതിയാണ് ഇതെന്നാണ് ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടത്. ഒട്ടേറെ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് കേരളം ഈ ഇരട്ട തുരങ്കപാതയുടെ നിർമ്മാണത്തിലേക്ക് കടന്നിരിക്കുന്നത്. അത് പൂർത്തിയാക്കുന്നതിനായി സ്വയം സമർപ്പിക്കാൻ രാഷ്ട്രീയ ഭേദമെന്യെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചുനിൽക്കണം.