മണർകാട് കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ.തോമസ് മോർ തീമോത്തിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിമരം ഉയർത്തി. കുറിയാക്കോസ് കോർഎപ്പിസ്‌കോപ്പ കറുകയിൽ, ജെ.മാത്യു കോർഎപ്പിസ്‌കോപ്പ മണവത്ത്, ഫാ.എം.ഐ തോമസ് മറ്റത്തിൽ, ഫാ.ഗീവർഗീസ് നടുമുറിയൽ, ഫാ.കുര്യൻ വടക്കേപറമ്പിൽ, ഫാ.സനോജ് കരോട്ടെക്കുറ്റ്, ഫാ. ലിറ്റു തണ്ടാശേരിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
അരീപ്പറമ്പ് കരയിൽ പാതയിൽ പി.എ കുരുവിളയുടെ ഭവനാങ്കണത്തിൽനിന്നു നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂർവം കത്തീഡ്രലിൽ എത്തിച്ചു. ആർപ്പുവിളികളോടെ കരോട്ടെ പള്ളിക്ക് ചുറ്റും ഒരുതവണയും കത്തീഡ്രൽ പള്ളിക്ക് ചുറ്റും മൂന്നുതവണയും വിശ്വാസസമൂഹം കൊടിമരവുമായി വലംവച്ചശേഷം കൽക്കുരിശിനു സമീപം എത്തിച്ചു. കൊടിമരം ചെത്തിമിനുക്കിയ ശേഷം പച്ചിലകൾകൊണ്ടും കൊടി തോരണങ്ങൾകൊണ്ടും അലങ്കരിച്ചു. ഇടവകയിലെ മുതിർന്ന അംഗം സി.എം ജേക്കബ് ചെമ്മാത്ത് കൊടിമരത്തിൽ കൊടി കെട്ടി. മെത്രാപ്പോലീത്തയുടെയും വൈദികരുടെയും നേതൃത്വത്തിൽ പ്രാർത്ഥനകൾക്ക് ശേഷം കൊടുമരം ഉയർത്തി. തുടർന്ന് കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടി ഉയർത്തി.