വന്യജീവി സംഘർഷം തടയുന്ന പരിപാടി

Tuesday 02 September 2025 1:14 AM IST

കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മനുഷ്യ - വന്യജീവി സംഘർഷം. നിബിഡമായ വനങ്ങളാൽ അനുഗൃഹീതമായ സംസ്ഥാനമാണ് നമ്മു‌ടേത്. അതുകൊണ്ടുതന്നെ അവയിൽ വസിക്കുന്ന വന്യജീവികളുടെ എണ്ണവും കൂടുതലാണ്. വനത്തോടു ചേർന്ന മലയോര പ്രദേശങ്ങളിൽ കൃഷിചെയ്ത് ഉപജീവനം നടത്തുന്നവരുടെ എണ്ണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കേരളത്തിൽ വന്യജീവികളിൽ നിന്ന് രണ്ടുരീതിയിലുള്ള വെല്ലുവിളികളാണ് മലയോരവാസികൾ നേരിടുന്നത്. വന്യജീവികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നതാണ് അതിൽ ഏറ്റവും ഭയപ്പെടുത്തുന്ന പ്രശ്നം. കാട്ടാനയുടെയും പുലിയുടെയും കടുവയുടെയും കാട്ടുപന്നിയുടെയുമൊക്കെ ആക്രമണത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും കൂടിയാണ് വരുന്നത്.

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങളുമായി നാട്ടുകാർ വഴി തടയുന്നതും വനം വകുപ്പിനെ കുറ്റം പറയുന്നതും മാസത്തിൽ ഏറ്റവും കുറഞ്ഞത് ഒരു തവണയെങ്കിലും ഇവിടെ ആവർത്തിക്കാതിരിക്കുന്നില്ല. കാട്ടാനയുടെയും കാട്ടുപന്നികളുടെയും ശല്യം കാരണം വനത്തിനോടു ചേർന്ന സ്ഥലങ്ങളിൽ കൃഷിയിറക്കാൻ പോലും കഴിയാത്ത അവസ്ഥയും നിലനിൽക്കുന്നു. ഒരു കാട്ടാനക്കൂട്ടം ഇറങ്ങിയാൽ കർഷകരുടെ ഒരു വർഷത്തെ കഠിനാദ്ധ്വാനവും കാർഷിക സമ്പത്തുമാണ് മിക്കവാറും ഇല്ലാതാവുക. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വന്യജീവി ആക്രമണം തടയണമെന്ന മുറവിളിക്ക് പരിഹാരമെന്ന നിലയിൽ വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട തീവ്രയജ്ഞ പരിപാടിക്ക് വനം വകുപ്പ് തുടക്കമിട്ടിരിക്കുന്നു. വന്യജീവി സംഘർഷം തടയൽ, നടപടികൾ ലഘൂകരിക്കൽ തുടങ്ങിയവയിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകുന്നില്ലെന്നാണ് തീവ്രയജ്ഞ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.

കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. അപകടകാരികളായ കാട്ടുമൃഗങ്ങളെ സംസ്ഥാന സർക്കാരിന് വെടിവച്ചു കൊല്ലാമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും അതിനുള്ള നടപടിക്രമങ്ങൾ അതിസങ്കീർണമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി വനത്തിൽ സ്വാഭാവിക ആവാസ വ്യവസ്ഥയൊരുക്കുന്ന പദ്ധതികൾക്കാണ് വനം വകുപ്പ് ഇപ്പോൾ രൂപം നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി,​ വന്യജീവി ആക്രമണം നേരിടുന്ന പ്രദേശങ്ങളെ 12 ഭൂഭാഗങ്ങളായി തിരിച്ച് ഓരോയിടത്തും വ്യത്യസ്ത പരിപാടികളാവും നടപ്പാക്കുക. ഇതിനു പുറമെ വന്യജീവി - മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനായുള്ള നിയമം നിർമ്മിക്കുകയും ചെയ്യും. 400 പഞ്ചായത്തുകളിൽ വന്യജീവികളുടെ ശല്യമുണ്ട്. ഇതിൽ 273 പഞ്ചായത്തുകളിൽ സ്ഥിതി രൂക്ഷമാണ്; 30 എണ്ണത്തിൽ തീവ്രവും.

ആദ്യഘട്ടമെന്ന നിലയിൽ മലയോര പഞ്ചായത്തുകളിൽ സഹായ ഡെസ്‌കുകൾ രൂപീകരിച്ച് ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ ശ്രമിക്കും. ജലാശയങ്ങൾ നവീകരിച്ചും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചും വന്യജീവികൾക്ക് വെള്ളവും ഭക്ഷണവും വനത്തിൽത്തന്നെ ഉണ്ടെന്ന് ഉറപ്പാക്കുന്ന പദ്ധതികൾ കാര്യക്ഷമതയോടെ നടപ്പാക്കിയാൽത്തന്നെ വലിയ പരിധി വരെ വന്യജീവി ശല്യം കുറയ്ക്കാനാകും. അതിനൊപ്പം,​ വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള ശാസ്‌ത്രീയ കർമ്മപരിപാടികളും നടപ്പാക്കണം. വന്യജീവികളുടെ കാടിറക്കം തടയുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സോളാർ ഫെൻസ് സെന്ററുകൾ വ്യാപിപ്പിക്കാനുള്ള വനം വകുപ്പിന്റെ തീരുമാനം സ്വാഗതാർഹമാണ്. സൗരോർജ്ജ വേലികൾ തകരാറിലാകുന്നത് വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തണം. ബഹുമുഖമായ പദ്ധതികളിലൂടെ മാത്രമേ ഈ വെല്ലുവിളിക്ക് പരിഹാരമുണ്ടാക്കാനാവൂ. ഇതിന് കെ.എസ്.ഇ.ബി ഉൾപ്പെടെ വിവിധ വകുപ്പുകളുടെ സഹകരണവും സർക്കാർ ഉറപ്പാക്കണം.