പാലടയെക്കാൾ വില ശർക്കര പായസത്തിന്,​ മാറ്റത്തിന് പിന്നിൽ ഒറ്റക്കാരണം

Tuesday 02 September 2025 1:17 AM IST

കോഴിക്കോട്: വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും ഉൾപ്പെടെ കുതിച്ചുയർന്ന വിലയിൽ പൊള്ളി ഓണസദ്യയും. മൂന്ന്, അഞ്ച് പേർക്കുള്ള സദ്യ കിറ്റിന് 200 മുതൽ 400 രൂപ വരെയാണ് കൂടിയത്. സാമ്പാർ, അവിയൽ, ഉപ്പേരി, പായസം തുടങ്ങി എല്ലാറ്റിനും വെളിച്ചെണ്ണയും തേങ്ങയും വേണം. പരിപ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾക്കും ഏലയ്ക്ക, പട്ട, ഗ്രാമ്പൂ, കായം തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾക്കും വില കൂടി. കഴിഞ്ഞ വർഷം വെളിച്ചെണ്ണ വില ലിറ്ററിന് 240 ആയിരുന്നത് ഇത്തവണ 450 ആയി. തേങ്ങവില കഴിഞ്ഞ വർഷം കിലോയ്ക്ക് 23 രൂപയായിരുന്നത് ഇത്തവണ 75 രൂപയായി. പാത്രങ്ങൾക്കു പകരം ഇപ്പോൾ പ്ളാസ്റ്റിക് കണ്ടെയ്നറുകളിലാക്കിയാണ് സദ്യ നൽകുന്നത്.

ഇവയുടെ വിലയും സദ്യയ്ക്കൊപ്പം നൽകണം. അഞ്ച് പേരുടെ സദ്യയ്ക്കുള്ള കണ്ടെയ്നറുകൾക്ക് മാത്രം 230 രൂപയോളമാകുമെന്ന് കാറ്ററിംഗ് ഉടമകൾ പറയുന്നു.

  • തൂശനിലയ്ക്ക് തീ വില

തൂശനിലയ്ക്ക് ഒന്നിന് ആറോ ഏഴോ രൂപ നൽകണം. കഴിഞ്ഞ വർഷത്തെക്കാൾ മൂന്നു വരെയാണ് കൂടിയത്. വിദേശത്തും ധാരാളം ഓണാഘോഷങ്ങളും ഓണസദ്യയും നടക്കുന്നുണ്ട്. വിദേശത്തേക്ക് കയറ്റി അയക്കുന്നതിനാൽ ഇല കിട്ടാനില്ല. ദൗർലഭ്യമാണ് വിലക്കയറ്റത്തിനുള്ള ഒരു കാരണം. ഇത്തവണ കനത്ത മഴയായതിനാൽ വാഴയിലകൾ കീറി നശിച്ചതും ലഭ്യതക്കുറവിന് കാരണമായി.

  • കുറവില്ലാതെ ഓണം വെെബ്

വിലക്കയറ്റത്തിനിടെയും ഓണം വെെബിന് കുറവൊന്നുമില്ല. വഴിയോര കച്ചവടം ഉൾപ്പെടെ പൊടിപൊടിക്കുകയാണ്. മഴ മാറിനിൽക്കുന്നതും ആഘോഷത്തിന് തുണയായി. കോളേജുകളിലും സ്കൂളുകളിലും സ്ഥാപനങ്ങളിലുമെല്ലാം ഓണാഘോഷമുണ്ട്. മുൻ വർഷങ്ങളെക്കാൾ ഇരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്. എല്ലാവരും സദ്യ ബുക്ക് ചെയ്യുന്നതുകൊണ്ട് കാറ്ററിംഗ് സ്ഥാപനങ്ങൾക്കും കോളാണ്. മിക്ക സ്ഥാപനങ്ങളും ഇന്ന് ബുക്കിംഗ് നിറുത്തും.

  • വിലയിൽ കേമൻ ശർക്കര പായസം

പണ്ട് പാലടയായിരുന്നു പായസത്തിൽ കേമൻ. വിലയും ശർക്കര പായസത്തെക്കാൾ കൂടുതലായിരുന്നു. ഇപ്പോൾ പാലട പായസത്തെക്കാൾ മുന്നിലാണ് ശർക്കര പായസത്തിന്റെ വില. തേങ്ങയുടെ വില വർദ്ധനവാണ് കാരണം. പാലട ലിറ്ററിന് 300 രൂപയും ശർക്കര പായസത്തിന് 330 രൂപയുമാണ്.

സദ്യ വില (5 പേർക്കുള്ള കിറ്റിന്)

1800-2200

3 പേർക്കുള്ളതിന് 1600