153 കുടുംബങ്ങൾക്ക് പട്ടയം കൈമാറി
കൂത്തുപറമ്പ്: കൈവശഭൂമിക്ക് പട്ടയമില്ലാതെ വർഷങ്ങളായി പ്രതീക്ഷയോടെ കാത്തുനിൽക്കുകയായിരുന്ന കുടുംബങ്ങൾക്ക് ഓണസമ്മാനമായി പട്ടയം ലഭിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന പട്ടയ മേളയിൽ നിയോജക മണ്ഡലത്തിലെ 153 കുടുംബങ്ങൾക്കാണ് പട്ടയം എന്ന സ്വപ്നം യാഥാർത്ഥ്യമായത് . സ്വന്തമായി ഭൂമി ഉണ്ടായിട്ടും വർഷങ്ങളായി പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു പലരും. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പട്ടയ മേള സംഘടിപ്പിച്ചത്.
പയേരി കുഞ്ഞിക്കണ്ണന് പട്ടം നൽകി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. തെയ്യംകണ്ടി ദേവി, പൊക്കായിന്റവിട രജനി,പി നിസാർ, കെ.പി കാർത്യായനി, പുലപ്പാടി വസന്ത, സി.പി.ഭാർഗവി, ചോലയിൽ അബ്ദുൽസലാം, കെ.കെ യൂസഫ് , കിഴക്കേ കരമ്മൽ പുരുഷു, കെ.ഗോവിന്ദൻ, ചാത്തുക്കുട്ടി എന്നിവർ മന്ത്രിയിൽ നിന്നും പട്ടയം ഏറ്റുവാങ്ങി.
കെ.പി മോഹനൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ല കളക്ടർ അരുൺ കെ വിജയൻ,പാനൂർ മുൻസിപ്പൽ ചെയർമാൻ കെ.പി ഹാഷിം, കുത്തുപറമ്പ് മുൻസിപ്പൽ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആർ ഷീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.രാജീവൻ,പി.വത്സൻ, എൻ.വി ഷിനിന, സക്കീന തെക്കയിൽ, വാർഡ് കൗൺസിലർ ആർ ഹേമലത, എം.സുകുമാരൻ, എ.പ്രദീപൻ, ഹരിദാസ് മൊകേരി സംസാരിച്ചു.