ദുരന്ത ഭൂമിയായി അഫ്ഗാൻ

Tuesday 02 September 2025 7:00 AM IST

കാബൂൾ: ഇരുട്ടിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് ഉയരുന്ന കൂ​​​ട്ട​​​നി​​​ല​​​വി​​​ളി​​​ക​​​ൾ... പ്രിയപ്പെട്ടവരെ രക്ഷിക്കാൻ എല്ലാവരും കൈകൾ കൊണ്ട് അവശിഷ്ടങ്ങൾ നീക്കി. കാണാതായ കുടുംബാംഗങ്ങളെ തേടി സ്ത്രീകളും കുട്ടികളും അടക്കം നിസഹായരായി അലഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലുമാകാതെ രക്ഷാപ്രവർത്തകരും പ്രതിസന്ധിയിലായി... ദുരന്തങ്ങൾ വിട്ടുമാറാതെ പിന്തുടരുന്നതിന്റെ ഭീതിയിലാണ് അഫ്ഗാനിസ്ഥാനിലെ സാധാരണക്കാർ.

ഇന്നലെ പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ നംഗർഹാർ,​കുനാർ പ്രവിശ്യകളിലായി 800ലേറെ പേരാണ് കൊല്ലപ്പെട്ടത്. കുനാറിലാണ് ഏറ്റവും കൂടുതൽ നാശം. വിദൂര പർവത പ്രദേശമായതിനാൽ ഭൂകമ്പ വിവരം പുറംലോകമറിയാൻ മണിക്കൂറുകളോളം വേണ്ടിവന്നു. യഥാർത്ഥ നാശനഷ്ടത്തിന്റെ തോത് അറിയാൻ ദിവസങ്ങൾ വേണ്ടി വന്നേക്കാം.

കുറഞ്ഞത് 600 വീടുകളെങ്കിലും തകർന്നെന്നാണ് പ്രാഥമിക കണക്ക്. മണ്ണും കല്ലുകളും കൊണ്ട് നിർമ്മിച്ച കെട്ടുറപ്പില്ലാത്ത വീടുകളാണിവ. ഭൂകമ്പത്തിന് പിന്നാലെ മണ്ണിടിച്ചിലുണ്ടായതോടെ കുനാറിലെ പ്രധാന റോഡുകളിലെ ഗതാഗതം തടസപ്പെട്ടു. ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു.

അതിനിടെ, ദുരിതബാധിതർക്ക് വിദേശ സഹായം അഭ്യർത്ഥിച്ച് താലിബാൻ ഭരണകൂടം രംഗത്തെത്തി. 2021ൽ താലിബാൻ അധികാരമേറ്റ ശേഷം അഫ്ഗാനിലുണ്ടായ ഏറ്റവും ശക്തമായ മൂന്നാമത്തെ ഭൂകമ്പമാണിത്. 2022ൽ ഖോസ്ത്, പക്തിക പ്രവിശ്യകളിലുണ്ടായ ഭൂകമ്പത്തിൽ 1,160 പേരും 2023ൽ ഹെറാത്ത് പ്രവിശ്യയെ വിറപ്പിച്ച ഭൂകമ്പത്തിൽ 1,480ലേറെ പേരും കൊല്ലപ്പെട്ടിരുന്നു. റിക്ടർ സ്കെയിൽ തീവ്രത 5ൽ കൂടിയ നാല് ഭൂചലനങ്ങൾ ഏപ്രിലിനും ആഗസ്റ്റിനുമിടെയിൽ രാജ്യത്തുണ്ടായി.

കെട്ടിടങ്ങൾ ദുർബലം

 തീവ്രത കുറഞ്ഞ ഭൂചലനത്തിൽ പോലും തകർന്നടിയുന്ന ദുർബലമായ കെട്ടിടങ്ങൾ

 ദുരന്തങ്ങളെയോ രോഗങ്ങളെയോ പ്രതിരോധിക്കാൻ മതിയായ ആരോഗ്യ സംവിധാനങ്ങളില്ല

 ഒറ്റപ്പെട്ട വിദൂരമേഖലകളിലേക്ക് ആശയ വിനിമയവും യാത്രയും ദുഷ്കരം

 യൂറേഷ്യൻ ഭൂപാളിയിൽ സ്ഥിതി ചെയ്യുന്നതിനാലും ഹിന്ദുക്കുഷ് പർവത സാമീപ്യം മൂലവും അഫ്ഗാനിൽ ഭൂചലനങ്ങൾക്ക് വളരെയേറെ സാദ്ധ്യത

​സ​ഹാ​യ​വു​മാ​യി​ ​ഇ​ന്ത്യ

ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ​ദു​രി​താ​ശ്വാ​സ​ ​സാ​മ​ഗ്രി​ക​ൾ​ ​ഇ​ന്ത്യ​ ​കാ​ബൂ​ളി​ലേ​ക്ക​യ​ച്ചു.​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​എ​സ്.​ ​ജ​യ​ശ​ങ്ക​ർ​ ​അ​ഫ്ഗാ​നി​ലെ​ ​താ​ലി​ബാ​ൻ​ ​മ​ന്ത്രി​സ​ഭ​യി​ലെ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​യാ​യ​ ​അ​മീ​ർ​ ​ഖാ​ൻ​ ​മു​ട്ടാ​ഖി​യു​മാ​യി​ ​സം​സാ​രി​ച്ച് ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​വി​ല​യി​രു​ത്തി.

അഫ്ഗാനെ തകർത്ത ഭൂകമ്പങ്ങൾ

( വർഷം - സ്ഥലം - മരണം - റിക്ടർ സ്കെയിൽ തീവ്രത എന്ന ക്രമത്തിൽ )

 2023 - ഹെറാത്ത് - 1,480 - 6.3

 2022 - ഖോസ്ത്, പക്തിക - 1,160 - 6.0

 2015 - ഹിന്ദുക്കുഷ് - 350 - 7.5

 2002 - ഹിന്ദുക്കുഷ് - 1,200 - 6.1

 1998 - തഖർ - 6,800 - 6.5

 1997 - ക്വയിൻ - 1,500 - 7.3

 1991 - ഹിന്ദുകുഷ് - 848 - 6.9