മാഗ്‌സസെ നേട്ടം ചരിത്ര നിമിഷമെന്ന് എഡ്യുക്കേറ്റ് ഗേൾസ് സ്ഥാപക
ന്യൂഡൽഹി: ഇന്ത്യൻ എൻ.ജി.ഒ 'എഡ്യുക്കേറ്റ് ഗേൾസി"ന്റെ മാഗ്‌സസെ അവാർഡ് നേട്ടം രാജ്യത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രവർത്തനങ്ങളിലെ ചരിത്ര നിമിഷമാണെന്ന് സാമൂഹ്യപ്രവർത്തക സഫീന ഹുസൈൻ. എഡ്യുക്കേറ്റ് ഗേൾസിന്റെ സ്ഥാപകയും സംവിധായകൻ ഹൻസൽ മേത്തയുടെ ഭാര്യയുമാണ് സഫീന.
അടുത്ത ഒരു ദശാബ്ദത്തിനിടെ ഒരു കോടി പേരെ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസം ദാരിദ്റ്യം തകർക്കുന്നതിനുള്ള ഏറ്റവും ശക്തമായ നിക്ഷേപമാണെന്നും അവർ പറഞ്ഞു. ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടിയ സഫീന യു.എസിലെ സാൻ ഫ്രാൻസിസ്കോയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തുകയും 2007ൽ രാജസ്ഥാൻ കേന്ദ്രമായി എഡ്യുക്കേറ്റ് ഗേൾസ് സ്ഥാപിക്കുകയുമായിരുന്നു. ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ സ്കൂൾ പഠനം മുടങ്ങിയ പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് സംഘടനയുടെ ലക്ഷ്യം.
ഞായറാഴ്ചയാണ് ഏഷ്യൻ നോബൽ എന്നറിയപ്പെടുന്ന റമൺ മാഗ്‌സസെ അവാർഡിന്റെ ഇക്കൊല്ലത്തെ വിജയികളെ പ്രഖ്യാപിച്ചത്. അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ സംഘടനയാണ് എഡ്യുക്കേറ്റ് ഗേൾസ്. പരിസ്ഥിതി സംരക്ഷണത്തിന് ഷാഹിന അലി (മാലദ്വീപ്), സാമൂഹ്യസേവനത്തിന് ഫ്ലാവിയാനോ അന്റണിയോ എൽ.വില്ലാനുയേവ (ഫിലിപ്പീൻസ്) എന്നിവരും അവാർഡിന് അർഹരായി. നവംബർ 7ന് ഫിലിപ്പീൻസിലെ മനിലയിലെ മെട്രോപൊളിറ്റൻ തിയേറ്ററിലാണ് അവാർഡ് ദാനം.