മദ്യലഹരിയിൽ വീട്ടിലെത്തി ബഹളമുണ്ടാക്കി, തടയാൻ ശ്രമിച്ച പിതാവിനെ നെഞ്ചിൽ ചവിട്ടി കൊലപ്പെടുത്തി

Tuesday 02 September 2025 8:54 AM IST

തിരുവനന്തപുരം: മദ്യലഹരിയിൽ മകൻ അച്ഛനെ ചവിട്ടി കൊലപ്പെടുത്തി. തിരുവനന്തപുരം കുറ്റിച്ചലിൽ ഇന്നലെ രാത്രിയാണ് സംഭവം. 65കാരനായ രവി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രവിയുടെ മകൻ നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് നിഷാദ് പിതാവിന്റെ നെഞ്ചിൽ ചവിട്ടി വീഴ്‌ത്തുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ഡ്രൈവറാണ് നിഷാദ്.

വീട്ടിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനെത്തുടർന്ന് പിതാവ് തടയാൻ ശ്രമിക്കുന്നതിനിടെ ചവിട്ടി വീഴ്‌ത്തുകയായിരുന്നു. ശേഷം രവിയെ മർദ്ദിക്കുകയും ചെയ്തു. അവശനിലയിലായ രവിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ നിഷാദിനെ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.