ഇന്ത്യയും ചൈനയും മോശം അഭിനേതാക്കൾ, ഉച്ചകോടി വെറും പ്രഹസനം മാത്രമാണെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി
വാഷിംഗ്‌ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമാേദി നടത്തിയ കൂടിക്കാഴ്ചയെ കുറ്റപ്പെടുത്തിയും നിസാരവൽക്കരിച്ചും അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇന്ത്യയും ചൈനയും മോശം അഭിനേതാക്കളാണെന്നും ഇരു രാജ്യങ്ങളും റഷ്യൻ യുദ്ധതന്ത്രത്തിന് ഇന്ധനം നൽകുകയാണെന്നായിരുന്നു സ്കോട്ട് ബെസെന്റിന്റെ കുറ്റപ്പെടുത്തൽ. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
' ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷന്റെ ദീർഘകാല യോഗമാണിത്. വെറുമൊരു പ്രഹസനം മാത്രമായിരുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അവരുടെ മൂല്യങ്ങൾ റഷ്യയുടേതിനെക്കാൾ അമേരിക്കയോടും ചൈനയോടും വളരെ അടുത്താണ്'- സ്കോട്ട് ബെസെന്റ് പറഞ്ഞു. റഷ്യയുമായുളള ഇന്ത്യയുടെ ഊർജ വ്യാപാരത്തെയും അദ്ദേഹം വിമർശിച്ചു. കുറഞ്ഞവിലയിൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്ത് ശുദ്ധീകരിച്ച് ഉൽപ്പന്നങ്ങൾ പുനർ വില്പന നടത്തുന്നത് യുക്രൈയിനെതിരായ റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്നതാണെന്ന് പറഞ്ഞ അദ്ദേഹം സമാധാന ചർച്ചകൾ നടന്നിട്ടും ആക്രമണങ്ങൾ വർദ്ധിപ്പിച്ചതിന് റഷ്യൻ പ്രസിഡന്റ് പുടിനെ വിമർശിക്കുകയും ചെയ്തു.
തീരുവ പൂജ്യമായ കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു എന്ന് ട്രംപ് പറഞ്ഞ് ഏതാനും മണിക്കൂറുകൾക്കകമായിരുന്നു സ്കോട്ട് ബെസെന്റിന്റെ കുറ്റപ്പെടുത്തൽ. ഇന്ത്യ- യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നുവെന്ന അതിരുവിട്ട കുറ്റപ്പെടുത്തലും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.