പീഡനക്കേസിൽ അറസ്റ്റ്; പിന്നാലെ പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട് ആംആദ്‌മി എംഎൽഎ
ലുധിയാന: പീഡനക്കേസിൽ അറസ്റ്റിലായ പഞ്ചാബിലെ ആംആദ്‌മി പാർട്ടി എംഎൽഎ പൊലീസിനുനേരെ വെടിയുതിർത്ത് രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സനൗർ എംഎൽഎ ഹർമീത് സിംഗ് പഠാൻമജ്‌റയെ കർനാലിൽ വച്ച് അറസ്റ്റ് ചെയ്‌തത്. ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ തുടങ്ങുമ്പോൾ എംഎൽഎയും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്ന് പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് വാഹനങ്ങളിലായി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ തടയാൻ ശ്രമിച്ച പൊലീസുകാരനെയും ഇവർ വാഹനം ഉപയോഗിച്ച് ഇടിച്ചിട്ടു.ഇതിൽ ഒരു വാഹനത്തെ പൊലീസ് പിന്തുടർന്ന് പിടികൂടിയെങ്കിലും എംഎൽഎ അതിൽ ഇല്ലായിരുന്നു.
ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഹർമീതിനെതിരെ ചുമത്തിയിരിക്കുന്നത്. വിവാഹമോചിതനാണെന്ന് കള്ളം പറഞ്ഞാണ് എംഎൽഎ ബന്ധം സ്ഥാപിച്ചതെന്നും ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല ചിത്രം, വീഡിയോ തുടങ്ങിയവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നും എഫ്‌ഐആറിൽ പറയുന്നു.
45കാരിയായ വിവാഹമോചിതയാണ് പരാതിക്കാരി. വിവാഹമോചിതനാണെന്ന് പറഞ്ഞ ഹർമീതുമായി 2013 മുതലാണ് ബന്ധം തുടങ്ങിയതെന്ന് ഇവർ പരാതിയിൽ പറയുന്നു. 2021ൽ ലുധിയാനയിലെ ഗുരുദ്വാരയിൽ വച്ച് ഇരുവരും വിവാഹിതരായി. 2022ൽ സനൗറിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴാണ് ആദ്യ ഭാര്യയുടെ പേര് പുറത്തുവന്നത്. ഇതേത്തുടർന്ന് തന്നെ സമ്മർദത്തിലാക്കിയെന്നും ആദ്യ ഭാര്യയെ ഉടൻ ഡിവോഴ്‌സ് ചെയ്യുമെന്നും ഇയാൾ നിരന്തരം പറഞ്ഞുകൊണ്ടിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.