വർഷങ്ങൾക്ക് മുൻപ് കാണാതായ ഭർത്താവ് മറ്റൊരു യുവതിക്കൊപ്പം റീൽസിൽ; വീഡിയോ കണ്ട് ഞെട്ടി ഭാര്യ

Tuesday 02 September 2025 3:43 PM IST

ലക്‌നൗ: ഏഴുവ‌ർഷം മുൻപ് കാണാതായ ഭർത്താവിനെ ഇൻസ്റ്റഗ്രാം വീഡിയോയിൽ കണ്ട് ഭാര്യ ഞെട്ടി. മറ്റൊരു യുവതിയ്‌ക്കൊപ്പമാണ് ഭർത്താവിനെ ഷീലുവെന്ന യുവതി കണ്ടത്. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. ഭാര്യയുടെ പരാതിയിൽ ഹർദോയ് സ്വദേശി ജിതേന്ദ്ര കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2018ലാണ് ജിതേന്ദ്രയെ കാണാതായത്. 2017ലായിരുന്നു ഷീലുവിന്റെയും ജിതേന്ദ്രന്റെയും വിവാഹം നടന്നത്.

ഇരുവരും തമ്മിൽ സ്ത്രീധനത്തെച്ചൊല്ലി തർക്കം പതിവായിരുന്നു. തുടർന്ന് ഷീലുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് ജിതേന്ദ്രയെ കാണാതാവുന്നത്. ഇയാളുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഷീലുവിന്റെ കുടുംബമാണ് ജിതേന്ദ്രയെ കൊലപ്പെടുത്തിയതെന്ന് പിതാവും ബന്ധുക്കളും ആരോപിച്ചിരുന്നു.

ഇൻസ്റ്റഗ്രാമിൽ റീൽ കാണുന്നതിനിടെയാണ് ഭർത്താവിന്റെയും മറ്റൊരു യുവതിയുടെയും വീഡിയോ ഷീലു കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ലുധിയാനയിലേക്ക് പോയ ജിതേന്ദ്ര അവിടെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീധന നിരോധന നിയമപ്രകാരവും തട്ടിപ്പിനും ഇയാൾ‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.