പ്രളയത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ വെള്ളം വീപ്പയിൽ ശേഖരിക്കണമെന്ന് വിചിത്ര ഉപദേശവുമായി പാകിസ്ഥാൻ മന്ത്രി

Tuesday 02 September 2025 6:57 PM IST

ഇസ്ളാമാബാദ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മഴകാരണം പാകിസ്ഥാനിൽ പ്രളയമുണ്ടായിരിക്കുകയാണ്. പ്രളയത്തെ എങ്ങനെ നേരിടണമെന്ന് പാകിസ്ഥാനിലെ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ജനങ്ങളോട് പറഞ്ഞത് ഇപ്പോൾ വലിയ വിമർശനത്തിന് വിധേയമായിരിക്കുകയാണ്. താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ പ്രളയജലം വീപ്പകളിലും കണ്ടെയ്‌നറുകളിലും ശേഖരിക്കണമെന്നും വെറുതെ ഓടകളിലേക്ക് വെള്ളം ഒഴുക്കി വിടരുതെന്നുമാണ് ഖ്വാജ ആസിഫ് ഒരു ടിവി ചാനലിലെ ഫോൺ സംഭാഷണത്തിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടത്. പ്രളയത്തെ അനുഗ്രഹമായി കാണൂ എന്ന വിചിത്രമായ ഉപദേശവും അദ്ദേഹം നൽകി.

'പ്രളയസാഹചര്യത്തെ വിമർശിക്കുന്നവർ പ്രളയ ജലത്തെ വീട്ടിലേക്ക് കൊണ്ടുപോകണം. വീടുകളിലെ ടബ്ബുകളിലും പാത്രങ്ങളിലും വെള്ളം സൂക്ഷിക്കണം. ഈ പ്രളയജലത്തെ ഒരു അനുഗ്രഹമായി നാം കാണണം. അതിനാൽ അത് വീട്ടിൽ ശേഖരിക്കണം.' ഖ്വാജ ആസിഫ് പറഞ്ഞു. 10-15 കൊല്ലം നീണ്ടുനിൽക്കുന്ന മെഗാ പ്രൊജക്‌ടുകളെക്കാൾ ജലം സംഭരിക്കുന്നതിന് പെട്ടെന്ന് നിർമ്മിക്കാവുന്ന ചെറു അണക്കെട്ടുകളാണ് പാകിസ്ഥാനിൽ വേണ്ടതെന്നുമാണ് ഖ്വാജ ആസിഫിന്റെ അഭിപ്രായം. ഇത് വളരെ വേഗം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ആസിഫിനെ മിക്കവരും രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ്.

24 ലക്ഷം പേർക്കാണ് പാകിസ്ഥാനിൽ പ്രളയം കാരണം ദുരിതം അനുഭവിക്കേണ്ടിവന്നത്. അതിൽ 20 ലക്ഷവും പഞ്ചാബ് പ്രവിശ്യയിലാണ്. ജൂൺ 26 മുതൽ ഓഗസ്റ്റ് 31 വരെ 854 പേർ‌ക്കാണ് ജീവൻ നഷ്‌ടമായതെന്ന് പാക് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) വ്യക്തമാക്കുന്നത്. മഴ രണ്ട് ദിവസംകൂടി പഞ്ചാബ് പ്രവിശ്യയിൽ തുടരും എന്നാണ് എൻഡിഎംഎ അറിയിക്കുന്നത്.