ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല, നാട്ടിലെത്താൻ നെട്ടോട്ടം
കോട്ടയം : ഓണം അടുത്തതോടെ ട്രെയിനുകളിൽ കാലുകുത്താൻ ഇടമില്ല. ഒപ്പം ടിക്കറ്റും കിട്ടാനില്ലാതായതോടെ യാത്രക്കാർ നെട്ടോട്ടമോടുകയാണ്. മലബാറിൽ നിന്നും ബംഗളൂരുവിൽ നിന്നുമുള്ളവരാണ് നാട്ടിലെത്താൻ പെടാപ്പാട് പെടുന്നത്. പലരും ഭീമമായ തുക മുടക്കി അന്തർസംസ്ഥാന സ്വകാര്യബസുകളെ ആശ്രയിക്കുകയാണ്. നിലവിൽ ബംഗളൂരുവിലേക്ക് ഒരു സ്‌പെഷ്യൽ ട്രെയിൻ മാത്രമാണുള്ളത്. ആഘോഷ നാളുകളിൽ മലബാറിലേക്ക് സ്‌പെഷ്യൽ ട്രെയിനെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. തിരുവനന്തപുരം - മംഗലാപുരം, മലബാർ എക്‌സ്പ്രസ്, തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസ് എന്നിവയിലെ ടിക്കറ്റുകൾ ദിവസങ്ങൾക്ക് മുന്നേ ബുക്കിംഗ് പൂർത്തിയായി.
ആശ്വാസമേകി കെ.എസ്.ആർ.ടി.സി ഓണക്കാലത്ത് ബംഗളൂരുവിലേക്കും നാട്ടിലേക്ക് തിരിച്ചും സർവീസ് നടത്താൻ മൂന്ന് പുതിയ ബസുകളാണ് കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിൽ അനുവദിച്ചിരിക്കുന്നത്. വൈകിട്ട് 6.10 നും 6.45 നുമാണ് കോട്ടയത്ത് നിന്നുള്ള സർവീസുകൾ. മൂന്നാമത്തെ ബസ് ഓണത്തിനോട് അനുബന്ധിച്ചായിരിക്കും സർവീസ് നടത്തുക. കൂടുതൽ യാത്രക്കാരുള്ള മലബാറിലേക്കും ആവശ്യത്തിന് അനുസരിച്ച് ബസുകൾ ക്രമീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. പാലായിൽ നിന്നും കൂടുതൽ സർവീസുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, മൈസൂർ എന്നിവിടങ്ങളിലേക്കാണ് ബസുകളുള്ളത്.