ഇന്ത്യൻ നയതന്ത്ര വിജയം

Wednesday 03 September 2025 3:37 AM IST

ചൈനയിലെ ഷാങ്‌ഹായ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ചോദിച്ച ഒരു ചോദ്യമുണ്ട്. ഭീകരവാദത്തെ ചില രാജ്യങ്ങൾ പരസ്യമായി പിന്തുണയ്ക്കുന്നതിനെ നമുക്ക് അംഗീകരിക്കാൻ കഴിയുമോ എന്നതാണത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും ഉൾപ്പെടെയുള്ള രാഷ്ട്ര നേതാക്കളെ വേദിയിലിരുത്തിയാണ് മോദി ഈ ചോദ്യം ചോദിച്ചത്. ഏപ്രിൽ 22-ന് 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണം ഇന്ത്യയുടെ മനഃസാക്ഷിക്കു നേരെയുള്ള ആക്രമണം മാത്രമല്ല, മാനവരാശിയിൽ വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങൾക്കുമുള്ള തുറന്ന വെല്ലുവിളിയാണെന്നും മോദി തന്റെ ചോദ്യത്തിന് സ്വയം നൽകുന്ന മറുപടിയെന്നോണം പറഞ്ഞു. പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകിയിട്ടാണ് ഇന്ത്യ ഭീകരതയെക്കുറിച്ച് സംസാരിച്ചത്. അതിനാൽ ആ വാക്കുകളുടെ ശക്തിയും ഊർജ്ജവും സന്ദേശവും പതിന്മടങ്ങ് കൂടുതലായിരുന്നു.

ഇന്ത്യയുടെ നയതന്ത്ര തലത്തിലുള്ള ഏറ്റവും വലിയ വിജയത്തിന്റെ തെളിവായിക്കൂടി മാറുകയായിരുന്നു ഷാങ്‌ഹായ് ഉച്ചകോടിയുടെ ഫലം. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് പാകിസ്ഥാൻ കൂടി അംഗമായ എസ്.സി.ഒ ഉച്ചകോടി അവസാന ദിവസം സംയുക്ത പ്രസ്താവനയിറക്കി. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട സംഘടന, ഭീകരതയെ നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്ന ഇന്ത്യൻ നിലപാടിനെ അനുകൂലിക്കുകയും ചെയ്തു. ഇതോടൊപ്പം ഗാസയിലെ യുദ്ധത്തെയും പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ എക്സ്‌പ്രസ് ട്രെയിനുകൾക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളെയും ഉച്ചകോടി അപലപിച്ചു. ഷാങ്‌ഹായ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിൻ എന്നിവർ നടത്തിയ കൂടിക്കാഴ്ച അമേരിക്കയുടെ തീരുവ ഭീഷണികൾക്കെതിരായ ഒരു പുതിയ സാമ്പത്തിക ലോകക്രമം ഉയർന്നുവരുന്നതിന് നാന്ദികുറിക്കുമെന്ന് കരുതാം.

ഇന്ത്യ- ചൈന- റഷ്യ ബന്ധം കൂടുതൽ ശക്തമാകുമെന്ന വ്യക്തമായ സൂചനയാണ് ഉച്ചകോടി ലോകത്തിനു നൽകിയത്. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത ഒരിക്കൽക്കൂടി ബോദ്ധ്യപ്പെടുത്തിയ സഹകരണ സമ്മേളനമായിരുന്നു ഇത്. മോദിയും പുട്ടിനും കൈകോർത്ത് ഷീ ജിൻ പിംഗിന്റെ അടുത്തെത്തി സൗഹൃദ സംഭാഷണം നടത്തുന്ന കാഴ്ച മൂന്നു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഉച്ചകോടി കഴിഞ്ഞ് റഷ്യൻ പ്രസിഡന്റ് പുട്ടിനും പ്രധാനമന്ത്രി മോദിയും ഹോട്ടലിലേക്ക് മടങ്ങിയത് ഒരേ വാഹനത്തിലായിരുന്നു. കാറിൽ ഇരുവരും 50 മിനിട്ട് സംഭാഷണം നടത്തുകയും ചെയ്തു.

റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയതിനു ശേഷം ആദ്യമായാണ് ഇരുനേതാക്കളും ഒരുമിച്ച് യാത്ര ചെയ്തതും,​ വാഹനത്തിൽ സംഭാഷണം നടത്തിയതുമെന്നത് സവിശേഷ ശ്രദ്ധ ആകർഷിക്കുന്നതാണ്. യാത്രയുടെ ഫോട്ടോ മോദി എക്‌സിൽ പങ്കിട്ടു. അമേരിക്കയുടെ ഭീഷണിക്കു വഴങ്ങി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്താൻ പോകുന്നില്ല എന്ന് പറയാതെ പറയുകയാണ് മോദി,​ പുട്ടിനുമൊത്തുള്ള ഫോട്ടോ പങ്കിട്ടതിലൂടെ ചെയ്തിരിക്കുന്നത്. ലോകം മാറുകയാണെന്നും ഇന്ത്യയും ചൈനയും സുഹൃത്തുക്കളായിരിക്കേണ്ടതുണ്ടെന്നും ഷീ ജിൻ പിംഗും, ഇരുരാജ്യങ്ങളും എതിരാളികളല്ല; പങ്കാളികളാണെന്ന് മോദിയും പറയുകയുണ്ടായി. ഇന്ത്യയും ചൈനയും റഷ്യയും ഒന്നിച്ചുനിന്നാൽ അമേരിക്കയുടെ ഭീഷണികൾ വെള്ളത്തിൽ വരച്ച വരകളായി മാറാൻ അധികനാൾ വേണ്ടിവരില്ല.