ഓണം ലക്ഷ്യമിട്ട് ലഹരിക്കടത്ത്, ഒരു കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ
Tuesday 02 September 2025 7:56 PM IST
തൃശൂർ: ഓണാഘോഷങ്ങൾ ലക്ഷ്യമാക്കി ലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. തൃശൂർ ഡാൻസാഫ് ടീമും തൃശൂർ സിറ്റി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരിൽ നിന്ന് ട്രെയിൻ മാർഗം തൃശൂരിലെത്തിയ എരുമപ്പെട്ടി ദേശമംഗലം സ്വദേശി മുഹമ്മദിനെ ആണ് (28) കസ്റ്റഡിയിലെടുത്തത്. റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് ഒരു കോടി രൂപയോളം വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടുകയായിരുന്നു. ബംഗളൂരുവിൽ നിന്നാണ് ലഹരി എത്തിയ്ക്കുന്നത്. ഇയാളുടെ മൊബൈൽ ഫോണും പരിശോധിച്ചു വരികയാണ്. ലഹരി ഇടപാടുകാരെ കുറിച്ചും അന്വേഷണം നടന്നു വരികയാണ്.