ജില്ല ഓണത്തിരക്കിൽ നഗരം കുരുങ്ങി
കണ്ണൂർ: ഓണമെത്തിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങൾ ഗതാഗതക്കുരുക്കിലമർന്നു. ഓണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ജനങ്ങൾ ഒന്നാകെ ഇറങ്ങിയതാണ് കാരണമായത്. മഴ മാറിയതും തിരക്ക് വർദ്ധിപ്പിച്ചു. പുതിയതെരു മുതൽ കണ്ണൂർ നഗരം വരെയും താണ മുതൽ ചൊവ്വ വരെയുള്ള ദേശീയ പാതയിൽ കുരുക്ക് രൂക്ഷമായിരുന്നു. കിലോമീറ്ററുകളോളം വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്.
വളപട്ടണത്തും പുതിയതെരുവിലും നടപ്പാക്കിയ ഗതാഗത പരിഷ്കരണങ്ങൾക്കും ഇപ്പോൾ കുരുക്കഴിക്കാനാകുന്നില്ല. കെ.എസ്.ടി.പി റോഡും ദേശീയ പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തും അനിയന്ത്രിത കുരുക്കാണ്. പലയിടത്തും ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിക്കാൻ പാടുപെടുകയാണ്. സാധാരണ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും ഗതാതഗതക്കുരുക്കനുഭവപ്പെടുമ്പോൾ ഇന്നലെ ഉച്ചയ്‌ക്കും ദേശീയപാതയിൽ കുരുക്കഴിഞ്ഞില്ല. ജില്ലയിൽ മുൻ ദിവസങ്ങൾ നീണ്ട മഴയായിരുന്നു. ഇത് റോഡിൽ പലയിടത്തും വലിയ കുഴികൾ ഉണ്ടാക്കി. ഇതും ഗതാഗതം ദുരിതത്തിലാക്കി. കിഴുത്താളി മുതൽ ചാല വരെ ദേശീയ പാതയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളും കണ്ണൂരിനകത്തേക്ക് വാഹനങ്ങൾ കടക്കുന്നതിന് ഇപ്പോൾ തടസ്സമാകുന്നുണ്ട്. ഇവിടെയും വാഹനങ്ങളുടെ നീണ്ടനിരയാണ്. ആംബുലൻസുകളും ദീർഘ ദൂര ബസുകളും കുരുക്കിൽ കുടുങ്ങിയിരുന്നു.
കണ്ണൂരിൽ കുരുക്ക് രൂക്ഷം
നഗരത്തിനകത്തും ഇന്നലെയുണ്ടായ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നു.അനധികൃത പാർക്കിംഗാണ് പ്രധാന കാരണമായത്. കടകളിലും മറ്റുമായി സാധനങ്ങൾ വാങ്ങാൻ എത്തിയവർ വാഹനങ്ങൾ റോഡരികിലാണ് നിർത്തിയത്. നഗരത്തിലെത്തിയവർക്ക് വാഹനങ്ങൾ നിർത്താനാകാതെ ആവശ്യങ്ങൾ നിറവേറ്രാനാകാതെ തിരിച്ചു പോകേണ്ടി വന്നതായും ജനങ്ങൾ പറഞ്ഞു. കോർപ്പറേഷൻ പാർക്കിംഗിനായി ഒരുക്കുന്ന മൾട്ടി ലെവൽ കാർപാർക്കിംഗുകളും വർഷങ്ങളായിട്ടുമെങ്ങുമെത്തിയിട്ടില്ല. ഇതിലും ജനങ്ങൾക്ക് പരാതിയുണ്ട്. അനധികൃതമായി പാർക്ക് ചെയ്യാതിരിക്കാൻ പൊലീസ് നിർദ്ദേശം നൽകുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. .
ഇന്നു മുതൽ കൂടുതൽ പൊലീസ്
ജില്ലയിലെ അസാധാരണ തിരക്ക് കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിച്ചുതുടങ്ങി. എ.ആർ ക്യാമ്പിൽ നിന്നും ഇന്നലെ മുതൽ പൊലീസുകാർ എത്തി. ഇന്നു മുതൽ കൂടുതൽ പൊലീസുകാർ ഡ്യൂട്ടിയിൽ എത്തും.
നഗരത്തിൽ അനിയന്ത്രിതമായ തിരക്കാണ്. വരും ദിവസങ്ങളിൽ കൂടാനുള്ള സാധ്യതയുമുണ്ട്. ഇത് കണക്കിലെടുത്ത് എ.ആർ ക്യാമ്പിൽ നിന്നും കൂടുതൽ പൊലീസുകാരെ ട്രാഫിക്കിലേക്ക് നിയമിക്കാൻ തീരുമാനമായി.- ട്രാഫിക് സ്റ്റേഷൻ കണ്ണൂർ