വേദന പങ്കുവച്ച് മോദി: എന്റെ അമ്മയെ അപമാനിച്ചത് ഒരമ്മയും പൊറുക്കില്ല
ന്യൂഡൽഹി: ദാരിദ്ര്യവും കഷ്ടപ്പാടും സഹിച്ചാണ് എന്റെ അമ്മ കുടുംബത്തെ പോറ്റിയത്. അവരെ അധിക്ഷേപിച്ചതിനെ രാജ്യത്തെ ഒരമ്മയും പൊറുക്കില്ല. ഞാൻ അനുഭവിച്ച വേദന അത്ര വലുതാണ്. ബീഹാർ ജനത ആർ.ജെ.ഡിക്കും കോൺഗ്രസിനും മാപ്പുതരില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വികാരാധീനനായി.
വോട്ടർ അധികാർ യാത്രയ്ക്കിടെ തന്റെ മാതാവ് ഹീരാ ബെന്നിനെ മോശപ്പെടുത്തി സംസാരിച്ചത് രാജ്യത്തെ മുഴുവൻ അമ്മമാരെയും സഹോദരിമാരെയും അപമാനിച്ചതിന് തുല്യമാണെന്നും മോദി പറഞ്ഞു. കുട്ടികളുടെ ഉറക്കത്തിന് തടസം വരാതിരിക്കാൻ തന്റെ അമ്മ മഴക്കാലത്തിന് മുൻപ് മേൽക്കൂര ചോരുന്നില്ലെന്ന് ഉറപ്പാക്കുമായിരുന്നു. കുട്ടികൾ കഷ്ടപ്പെടാതിരിക്കാൻ ദിവസവും ജോലിയെടുത്തു. പുതിയ സാരി വാങ്ങാതെ പൈസ ലാഭിച്ച് കുട്ടികൾക്ക് വസ്ത്രം വാങ്ങി.
സ്വർണക്കരണ്ടിയുമായി രാജകുടുംബത്തിൽ ജനിച്ച 'യുവരാജാവിന്" പാവപ്പെട്ട അമ്മയുടെ വേദന മനസിലാകില്ലെന്ന് രാഹുൽ ഗാന്ധിയെ ആക്രമിച്ച് മോദി പറഞ്ഞു. അധികാരം ജന്മാവകാശമാണെന്ന് വിശ്വസിക്കുന്നവർ ദരിദ്ര അമ്മയുടെ മകൻ പ്രധാനമന്ത്രിയായത് അംഗീകരിക്കുന്നില്ല. അമ്മമാർ നമ്മുടെ ലോകവും ആത്മാഭിമാനവുമാണ്.
55 വർഷമായി സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി താൻ സേവനമനുഷ്ഠിക്കുകയാണ്. ഈ യാത്രയിൽ അമ്മ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കോടിക്കണക്കിന് അമ്മമാരെ സേവിക്കാൻ മകനെ വിട്ടുകൊടുത്ത ആളാണ് തന്റെ അമ്മ. 100 വയസ് പൂർത്തിയാക്കിയ അമ്മ ജീവിച്ചിരുപ്പില്ല. രാഷ്ട്രീയവുമായി ബന്ധവുമില്ലാത്ത അമ്മയെ ആർ.ജെ.ഡി-കോൺഗ്രസ് പരിപാടിയുടെ വേദിയിൽ അധിക്ഷേപിച്ചു. അതിന്റെ വേദന തന്റെ മുന്നിലിരിക്കുന്ന അമ്മമാരുടെ കണ്ണുകളിലുണ്ട്. ഇത്തരം സ്ത്രീവിരുദ്ധ മാനസികാവസ്ഥയുള്ളവർ അധികാരത്തിൽ വരുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിർദ്ദനവിഭാഗങ്ങൾക്ക് വായ്‌പ ലഭ്യമാക്കുന്ന ബീഹാറിലെ സഹകരണ പദ്ധതിയായ രാജ്യ ജീവിക നിധി സാഖ് സഹകാരി സംഘ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
വോട്ടർ അധികാർ യാത്രയ്‌ക്കിടെ ധർബംഗയിൽ വച്ചാണ് രാഹുൽ ഗാന്ധിയുടെയും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെയും സാന്നിധ്യത്തിൽ ചില പ്രവർത്തകർ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അപകീർത്തികരമായ മുദ്രാവാക്യം വിളിച്ചത്.