നരേന്ദ്രമോദി മടങ്ങിയതിന് പിന്നാലെ ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തി പാക് സൈനിക മേധാവി അസിം മുനീർ

Tuesday 02 September 2025 8:57 PM IST

ബീജിംഗ്: പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനൊപ്പം ചൈന സന്ദർശിക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. ഫീൽഡ് മാർഷലായി ചുമതലയേറ്റ ശേഷം മുനീർ, ഷി ജിൻപിങ്ങുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് ഷെരീഫ് ബീജിംഗിലെത്തിയത്. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള വിവിധ ലോക നേതാക്കളുമായി ഷി ജിൻപിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചകോടി അവസാനിച്ചതിന്റെ ഒരു ദിവസത്തിനു ശേഷമാണ് ഈ യോഗം. അസിം മുനീറുമായി നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയത് ചൈനയെ അമ്പരപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഷി ജിൻപിങ്ങുമായുള്ള മുനീറിന്റെ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമേറുന്നത്.

കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ഉഭയകക്ഷി, പ്രാദേശിക സഹകരണത്തെക്കുറിച്ച് വിപുലമായ ചർച്ചകൾ നടത്തിയതായി ടീമിൽ ഉണ്ടായിരുന്ന ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ പറഞ്ഞു. ശക്തമായ ചൈന-പാകിസ്ഥാൻ ബന്ധം പ്രാദേശിക സമാധാനത്തിനും വികസനത്തിനും അനിവാര്യമാണെന്നും പുതിയ കാലഘട്ടത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കാനും സഹകരണം വർദ്ധിപ്പിക്കാനും ഷി ജിൻപിങ് നിർദ്ദേശിച്ചു. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി , സ്വതന്ത്ര വ്യാപാര കരാർ എന്നിവ സംബന്ധിച്ചും ചർച്ചകൾ നടന്നു.

ഇന്ന് നടന്ന ചൈനീസ് സൈന്യത്തിന്റെ വാർഷിക ഗ്രാൻഡ് പരേഡിൽ ഷെരീഫിനൊപ്പം മുനീറും പങ്കെടുത്തു. വ്യോമ, കര, ഇലക്ട്രോണിക്, മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചിരുന്നു. പാകിസ്ഥാൻ സൈന്യത്തിന്റെ ആയുധശേഖരത്തിന്റെ 80 ശതമാനത്തിലധികവും ചൈനീസ് നിർമ്മിതമാണ്.