100 കോടി ക്ളബിൽ ലോക 40 കോടി കടന്ന് ഹൃദയപൂർവ്വം

Wednesday 03 September 2025 6:02 AM IST

ചരിത്രത്തിലാദ്യമായി ലോകം എങ്ങും ലോകയുടെ എക്സ്ട്രാ ഷോ

നൂറുകോടി ക്ളബിലേക്ക് അടുക്കുന്നു കല്യാണി പ്രിയദർശൻ ചിത്രം ലോക. 40 കോടി പിന്നിട്ട് മോഹൻലാൽ -സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം, ചരിത്രത്തിലാദ്യമായി ലോകം എങ്ങും എക്സ്ട്രാ ഷോയുമായി ലോക: ചാപ്ടർ 1: ചന്ദ്ര ജൈത്രയാത്രയിൽ . കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലും മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളിലും ലോക എക്സ്ട്രാ ഷോയുമായി മുന്നേറുന്നു. അഞ്ചുദിവസം കൊണ്ട് ലോക ആഗോളതലത്തിൽ 80 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടിയിരുന്നു . ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ഞായറാഴ്ച മാത്രം ബോക്സോഫീസിൽനിന്ന് വാരിക്കൂട്ടിയത് 25 കോടിക്ക് മുകളിൽ. അഞ്ചുഭാഗങ്ങളിൽ വരാൻ ഒരുങ്ങുകയാണ് ലോക ലോക എന്ന സിനിമാറ്റിക് യൂണിവേഴ്സ് . ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് നിർമ്മാണം.നസ്സൻ, ചന്ദു സലിംകുമാർ, അരുൺ കുര്യൻ, വിജയരാഘവൻ, രഘുനാഥ് പലേരി, നിഷാന്ത് സാഗർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ബാലു വർഗീസ്, അഹാന കൃഷ്ണ, അന്ന ബെൻ,ശാന്തി ബാലചന്ദ്രൻ എന്നിവർ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. ലോകയോടൊപ്പം റിലീസ് ചെയ്ത മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം ആഗോളതലത്തിൽ 40 കോടി പിന്നിട്ടു. കുടുംബ പ്രേക്ഷകരാണ് ഹൃദയപൂർവ്വത്തെ കൈനീട്ടി സ്വീകരിച്ചത്. മോഹൻലാലിന്റെ മികച്ചകഥാപാത്രങ്ങളിലാെന്നാണ് സന്ദീപ് ബാലകൃഷ്ണൻ. മാളവിക മോഹനൻ ആണ് നായിക. സംഗീത, സംഗീത് പ്രതാപ്, സിദ്ദിഖ്, ജനാർദ്ദനൻ എന്നിവരോടൊപ്പം ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവർ അതിഥി വേഷത്തിൽ എത്തുന്നു.