ദൃശ്യം 3 സെപ്തംബർ 17ന് ആരംഭിക്കും
മലയാള സിനിമയിൽ പുതു വിജയ ചരിത്രം കുറിച്ച മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗമായ ദൃശ്യം 3 സെപ്തംബർ 17ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കും.
ജീത്തുജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 3 ൽ ആദ്യ രണ്ട് ഭാഗങ്ങളിലെയും ഒട്ടുമിക്ക താരങ്ങളും അണിനിരക്കും. 55 ദിവസത്തെ ചിത്രീകരണം ആണ് പ്ളാൻ ചെയ്യുന്നത്.
മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം പത്തുദിവസത്തെ ചിത്രീകരണം മോഹൻലാലിന് അവശേഷിക്കുന്നുണ്ട്. ദൃശ്യം 3 യുടെ ചിത്രീകരണം നവംബർ ആദ്യവാരം വരെ ഉണ്ടാവും. തുടർന്ന് നവാഗതനായ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുക. പൊലീസ് വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രം കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്നു. രതീഷ് രവി രചന നിർവഹിക്കുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ കൈകോർക്കുന്നത് ഇതാദ്യമാണ്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ.ഭ ബ ആണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ക്രിസ്‌മസിന് തിയേറ്ററുകളിൽ എത്തും.ശ്രീ ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.