ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആയിരം ഡ്രോണുകളുമായി ഡ്രോൺ ലൈറ്റ് ഷോയും
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും.ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തമിഴ് ചലച്ചിത്രതാരം ജയംരവി,നടനും സംവിധായകനുമായ ബേസിൽ ജോസഫ് എന്നിവർ മുഖ്യാതിഥികളാകും.
മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്,ശിവൻകുട്ടി,ജി.ആർ.അനിൽ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് കൈരളി ചാനലിന്റെ ചിങ്ങനിലാവ് അരങ്ങേറും.വിദേശികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പത്ത് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ആഘോഷത്തിൽ പങ്കെടുക്കും.
സെപ്തംബർ 3മുതൽ 9വരെ നടക്കുന്ന ഓണാഘോഷത്തിൽ പ്രധാനവേദിയായ കനകക്കുന്നിന് പുറമെ സെൻട്രൽ സ്റ്റേഡിയം,പൂജപ്പുര മൈതാനം,ഗ്രീൻഫീൽഡ്,ശംഖുംമുഖം,ഭാരത് ഭവൻ,ഗാന്ധിപാർക്ക്,വൈലോപ്പിള്ളി സംസ്‌കൃതിഭവൻ,മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളാണുള്ളത്. പ്രമുഖരുൾപ്പെടെ ആയിരത്തിലധികം കലാകാരന്മാർ പങ്കെടുക്കും.പ്രശസ്ത കലാകാരന്മാരായ ചിന്മയി ശ്രീപദ,സിത്താര കൃഷ്ണകുമാർ,വിനീത് ശ്രീനിവാസൻ,മനോ,വിധുപ്രതാപ്,സുരാജ് വെഞ്ഞാറമൂട്,രമ്യാനമ്പീശൻ,പുഷ്പവതി,നജീം അർഷാദ്,അഞ്ജു ജോസഫ്,അപർണാ രാജീവ്,മൃദുല വാര്യർ,ബിജു നാരായൺ തുടങ്ങി വമ്പൻ താരനിര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ അണിനിരക്കും.
ഗാനമേള,നൃത്തനൃത്യങ്ങൾ,നാടൻകലകൾ,വാദ്യമേളകൾ,ശാസ്ത്രീയസംഗീതം,കഥാപ്രസംഗം,നാടകം,കവിയരങ്ങ്,കഥയരങ്ങ്,യോഗ,കളരിപ്പയറ്റ്,കഥകളി, മെഗാഷോ തുടങ്ങി നിരവധി കലാപരിപാടികളും ഏഴ് ദിവസങ്ങളിലായി അരങ്ങേറും.
വാരാഘോഷത്തിന്റെ ഭാഗമായി നഗരം ദീപാലംകൃതമാകും.ട്രേഡ് ഫെയറുകളും ഭക്ഷ്യമേളയും വിവിധ മത്സരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.പൊതുജനങ്ങൾക്ക് രാത്രി 12വരെ ദീപാലങ്കാരം കാണാനുള്ള അവസരമുണ്ട്.പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ആഘോഷങ്ങൾ.സെപ്തംബർ 9ന് വൈകിട്ട് ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനമാകും.150ൽ പരം ഫ്ലോട്ടുകൾ ഘോഷയാത്രയിൽ അണിനിരക്കും.
ഡ്രോൺ ലൈറ്റ് ഷോ
ആയിരം ഡ്രോണുകൾ പങ്കെടുക്കുന്ന ഡ്രോൺ ഷോ ഇത്തവണത്തെ ഓണാഘോഷത്തെ പ്രഭാപൂരിതമാക്കും. 5,6 7 തീയതികളിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം,യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയ്ക്ക് മുകളിലായാണ് ഡ്രോൺ ലൈറ്റ് ഷോ നടക്കുക.15 മിനിറ്റിലേറെ നീണ്ടുനിൽക്കുന്ന ഡ്രോൺ ഷോയിൽ കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കും.
ഘോഷയാത്ര ഗവർണർ
ഫ്ളാഗ് ഓഫ് ചെയ്യും 9ന് വൈകിട്ട് ഓണാഘോഷത്തിന് സമാപനംകുറിച്ച് നടക്കുന്ന ഘോഷയാത്ര മാനവീയം വീഥിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്ളാഗ് ഓഫ് ചെയ്യും.മന്ത്രിമാരായ മുഹമ്മദ് റിയാസ്,വി.ശിവൻകുട്ടി,ജി.ആർ.അനിൽ എന്നിവർ ഇന്നലെ ആഘോഷത്തിലേക്ക് ഗവർണറെ ക്ഷണിച്ച് അദ്ദേഹത്തിന് ഓണക്കോടി കൈമാറി.