കാസർകോട് മെഡിക്കൽ കോളേജിന് എൻ.എം.സി അനുമതിയായി 50 സീറ്റുകളിൽ പ്രവേശനം
കാസർകോട് : വയനാട്, കാസർകോട് ഗവ. മെഡിക്കൽ കോളേജുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതിയായി. അൻപത് എം.ബി.ബി.എസ് സീറ്റുകളിൽ പ്രവേശനം നടത്താനാണ് അനുമതി.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. എൻ.എം.സി. മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് അംഗീകാരം നേടിയെടുത്തത്. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് 4 മെഡിക്കൽ കോളേജുകൾക്കാണ് അംഗീകാരം ലഭിച്ചത്.
നടപടി ക്രമങ്ങൾ പാലിച്ച് എത്രയും വേഗം ഈ അധ്യയന വർഷം തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കാസർകോട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കിഫ്ബി ഫണ്ടിൽ നിന്ന് 160 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു. അക്കാഡമിക് ബ്ലോക്ക് കെട്ടിടം പൂർത്തിയാക്കി. മെഡിക്കൽ കോളേജിനുള്ള ജലവിതരണ സംവിധാനത്തിന് 8 കോടി രൂപ അനുവദിച്ചു. ന്യൂറോളജി വിഭാഗം ഉൾപ്പെടെയുള്ള സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കി. ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കി വരികയാണ്. അറുപത് സീറ്റുകളോടെ നഴ്സിംഗ് കോളേജ് ആരംഭിച്ചു. ഇരുപത്തിയൊൻപത് കോടി ചെലവഴിച്ച് നിർമ്മിക്കുന്ന ഹോസ്റ്റലിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ഇരുന്നൂറ്റി എഴുപത്തിമൂന്ന് തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, പാത്തോളജി, ന്യൂറോളജി, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ഡെർമറ്റോളജി, ഇ.എൻ.ടി, റെസ്പിറേറ്ററി മെഡിസിൻ, ഒഎംഎഫ്എസ്, സൈക്യാട്രി വിഭാഗങ്ങളുടെ ഒപി ആരംഭിച്ചു. ജില്ലയിൽ ആദ്യത്തെ ന്യൂറോളജി, നെഫ്രോളജി ഒ.പിയും സ്ഥാപിച്ചിട്ടുണ്ട്. ഇ സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങളും ലഭ്യമാക്കി. റേഡിയോളജി സേവനങ്ങൾക്ക് എ.ഇ.ആർ.ബിയിൽ നിന്ന് അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.