നാളെ ഉത്രാടപാച്ചിൽ, ഗതാഗതക്കുരുക്ക് മുറുകും
തൃശൂർ: തിരുവോണം അടുത്തതോടെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങളുമായി പുറത്തിറങ്ങുന്ന ജനങ്ങൾക്ക് നേരിടേണ്ടിവരുന്നത് വൻ ഗതാഗതക്കുരുക്ക്. ഉത്രാടത്തോടനുബന്ധിച്ച് നാളെ കുരുക്ക് രൂക്ഷമാകും. ദേശീയപാതയിൽ മുടിക്കോട് ഭാഗത്തെ ടാറിംഗ് തുടങ്ങിയതോടെ രാവിലെ മുതൽ മണിക്കൂറുകളോളമാണ് വാഹനങ്ങൾ വഴിയിൽ അകപ്പെട്ടത്. ഇതോടെ വാഹനങ്ങൾ പല വഴിക്ക് തിരിഞ്ഞാണ് തൃശൂർ നഗരത്തിലെത്തുന്നത്. ഓണത്തിരക്കിൽ തന്നെ ടാറിംഗ് നടത്താൻ ഇറങ്ങിയത് കൂടുതൽ പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെ എട്ടു മുതൽ തന്നെ ദേശീയപാതയിൽ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ മുടിക്കോടാണ് ടാറിംഗ് തുടങ്ങിയത്. സാധാരണ ടോറസ് ലോറിയിൽ ടാർ മിക്‌സ് ചെയ്ത് കൊണ്ടുവന്നാണ് വേഗത്തിൽ ടാറിംഗ് നടത്തിയിരുന്നത്. എന്നാൽ ഇവിടെ തന്നെ ടാർ മിക്‌സ് ചെയ്ത് ടാറിംഗ് നടത്തുന്നതിനാൽ വളരെ ഇഴഞ്ഞാണ് ടാറിംഗ് നീങ്ങുന്നത്. മുടിക്കോട് ഭാഗത്തെ ടാറിംഗ് പൂർത്തിയാകാൻ നാല് ദിവസമെങ്കിലും എടുക്കുമെന്ന് കരാർ ജോലിക്കാർ തന്നെ വ്യക്തമാക്കി. ഓണത്തിരക്കായതോടെ നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പട്ടിക്കാട് നിന്ന് തിരിഞ്ഞ് പഞ്ചായത്ത് റോഡിലൂടെയാണ് തൃശൂർ ഭാഗത്തേക്ക് ഇപ്പോൾ വാഹനങ്ങൾ പോകുന്നത്. വലിയ വാഹനങ്ങളും ഇതുവഴി പോകുന്നതിനാൽ ഇവിടുത്തെ റോഡുകളും തകർന്ന് തുടങ്ങി.
നഗരത്തിലും തിരക്ക്
ഉത്രാടപ്പാച്ചിലിന് മുമ്പ് തന്നെ നഗരം വാഹനങ്ങളുടെ തിരക്കിലമർന്നു. നഗരത്തിലും സമീപപ്രദേശങ്ങളിലെ ചെറിയ റോഡുകളിലും രൂക്ഷമായ ഗതാഗതക്കുരുക്കിലാണ്. കുരുക്കഴിക്കാൻ ജംഗ്ഷനുകളിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും കുരുക്കില്ലാതാക്കാൻ ഇവർ പെടാപാടു പെടുകയാണ്. കാറുകളും ബൈക്കുകളുമായി നഗരത്തിലേക്ക് എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളമാണെന്ന് പൊലീസ് പറയുന്നു. നഗരത്തിലെത്തിയാൽ പാർക്കിംഗിനും സൗകര്യമില്ല. റോഡിന്റെ വശങ്ങളിലും മറ്റ് സ്ഥലങ്ങളിലും നിറുത്തി പോകുന്ന വാഹനങ്ങളാണ് മറ്റൊരു തലവേദന. നോ പാർക്കിംഗ് സ്ഥലത്ത് വാഹനങ്ങൾ നിറുത്തിയിട്ടാൽ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.