ഒരാഴ്ചക്കിടെ കുഴിയിൽ വീണ് എട്ട് വാഹനാപകടങ്ങൾ; അറ്റകുറ്റപ്പണിയിലും ശരിയാകാതെ പാപ്പിനിശ്ശേരി പാലം
പാപ്പിനിശ്ശേരി:മൈക്രോ കോൺക്രീറ്റിംഗിലൂടെ അടച്ചിട്ടുപോലും വീണ്ടും കുഴികൾ രൂപപ്പെട്ട് കെ.എസ്.ടി.പി പാപ്പിനിശ്ശേരി ഓവർബ്രിഡ്ജ്. ഒരാഴ്ചക്കുള്ളിൽ മാത്രം ഈ പാലത്തിലെ കുഴികളിൽ വീണ് എട്ടോളം അപകടങ്ങളുണ്ടായതായി പാലത്തിന് സമീപത്തെ വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ഇരുചക്രവാഹനം കുഴിയിൽ വീണ് റോഡിലേക്ക് വീണ ഹാജി റോഡിന് സമീപത്തെ എം.സി കെ ഫാത്തിമക്ക് (19) സാരമായ പരിക്കേറ്റു. കൂരിരുട്ടിലുള്ള പാലത്തിൽ കുഴി എവിടെയെന്ന് മനസിലാകാതെയാണ് വാഹനങ്ങൾ അപകടത്തിൽ പെടുന്നത്. കണ്ണുതുറപ്പിക്കാൻ മൂവർ സംഘത്തിന്റെ സമരം
കെ.എസ്.ടി.പി പാലങ്ങളിലെ ഗുരുതരമായ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.കെ. ജലീൽ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി വി കെ ഹാരിസ്, പൊതു പ്രവർത്തകൻ ഐ.ബി. ജസീൽ എന്നിവർ കുഴിക്കരിൽ ഇരുന്ന് പ്രതീകാത്മക പ്രതിഷേധം നടത്തി. ശാശ്വത പരിഹാരം ഉണ്ടാകാത്ത പക്ഷം ശക്തമായ സമരത്തിനിറക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.നിരന്തരമായ അപകടത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഒപ്പ് ശേഖരണവും തുടങ്ങിയിട്ടുണ്ട്.