എക്സൈസ് സർക്കിൾ ഓഫീസുകളിൽ പരിശോധന, അപാകതകൾ കണ്ടെത്തി
ആലപ്പുഴ: സംസ്ഥാന വ്യാപകമായി വിജിലൻസ് വകുപ്പ് സേഫ് സിപ്പ് എന്ന പേരിൽ എക്സൈസ് സർക്കിൾ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ചേർത്തല, ആലപ്പുഴ, മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ,ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസുകളിൽ പരിശോധന നടത്തി. സംസ്ഥാനത്തെ എക്സൈസ് സർക്കിൾ ഓഫീസുകളിലെ ഉദ്യോഗസ്ഥർ ബാർ, കള്ളുഷാപ്പ് ഉടമകളുടെ പക്കൽ നിന്ന് മാസപ്പിടി കൈപ്പറ്റുന്നതും നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികൾ കൈക്കൂലി കൈപ്പറ്റുന്ന ഉദ്യോഗസ്ഥർ സ്വീകരിക്കാതിരിക്കുന്നതും കാരണം സർക്കാരിന് സാമ്പത്തിക നഷ്ടം വരുന്നതുമായി ബന്ധപ്പെട്ട ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. എക്സൈസ് സർക്കിൾ ഓഫീസുകളിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന ലഹരിവസ്തുക്കൾ, മദ്യം,പണം, ഉദ്യോഗസ്ഥരുടെ ഗൂഗിൾ പേ അക്കൗണ്ടുകൾ, ഓഫീസിലെ വിവിധ രജിസ്റ്ററുകൾ എന്നിവ പരിശോധിച്ചു. ജില്ലയിൽ ഡിവൈ.എസ്. പി കെ.വി.ബെന്നി, ഇൻസ്പെക്ടർമാരായ എം.കെ.പ്രശാന്ത്, കുമാർ ഷൈജു ഇബ്രാഹിം,ജിംസ്റ്റൽ അനീഷ്, സജു.ഡി.ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപാകതകൾ
1. ചെങ്ങന്നൂർ, ട്രീ ടാക്സ് രജിസ്റ്റർ മരങ്ങളുടെ വില്ലേജ് തല രജിസ്റ്റർ എന്നിവ സൂക്ഷിക്കുന്നില്ല
2. ചേർത്തല. അസിസ്റ്റന്റ് എക്സ്ചേഞ്ച് ഇൻസ്പെക്ടർ ബാർ ഉടമസ്ഥനുമായി ചാറ്റുകൾ നടത്തിയതായി കണ്ടെത്തി.
3. ഹരിപ്പാട് ബാർ കള്ളുഷാപ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ പരിശോധന വേണമെന്ന് കണ്ടെത്തി. മറ്റ് സ്ഥലങ്ങളിൽ വിവിധ രജിസ്റ്ററുകൾ കൃത്യമായി പരിപാലിക്കുന്നില്ലെന്നും കണ്ടെത്തി