പഴയകെട്ടിടം ഇടിഞ്ഞുവീണ് വിദ്യാർത്ഥിക്ക് പരിക്ക്
ആലപ്പുഴ: നാൽപാലത്തിന് സമീപം പഴയകെട്ടിടത്തിന്റെ ഒരുഭാഗം റോഡിലേക്ക് ഇടിഞ്ഞ് വീണ് സ്കൂട്ടർ യാത്രക്കാരനായ നഴ്സിംഗ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ആര്യാട് പഞ്ചായത്ത് 16-ാം വാർഡിൽ കമ്പിയിൽ ഗിരീഷിന്റെ മകൻ നന്ദു ഗിരീഷിനാണ് (20) പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ നന്ദുവിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാൽപാലത്തിന്റെ വടക്കേക്കരയിൽ റോഡിൽ ഇന്നലെ ഉച്ചക്ക് 2.20നായിരുന്നു സംഭവം. ഓടിട്ട നാലുമുറികെട്ടിടത്തിന്റെ മേൽക്കൂര ഉൾപ്പെടെയുള്ള ഒരുഭാഗം റോഡിലേക്ക് പതിക്കുകയായിരുന്നു. വൻശബ്ദത്തോടെ റോഡിലേക്ക് വീഴുന്നതിനിടെയാണ് നന്ദു സ്കൂട്ടറിൽ ഈ വഴി നടന്നുപോയത്. കഴുക്കോലും ഓടും കല്ലുകളും ഉൾപ്പടെ റോഡിലേക്ക് തെറിച്ചുവീണു. സമീപത്തെ റേഷൻകട തുറക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഓണക്കാലമായതിനാൽ ഈ സമയത്ത് റേഷൻകടയിൽ തിരക്ക് അനുഭവപ്പെടാറുണ്ട്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ റോഡിലേക്ക് പതിച്ച കെട്ടിടാവശിഷ്ടങ്ങൾ എസ്കവേറ്റർ ഉപയോഗിച്ച് പൂർണമായും നീക്കി.