പരിഷ്കരണം വാക്കിലൊതുങ്ങി,​ നട്ടംതിരിഞ്ഞ് ട്രാൻ.പെൻഷൻകാർ

Wednesday 03 September 2025 1:40 AM IST

ആലപ്പുഴ: ജീവിത സാഹചര്യവും ചെലവുകളും വർദ്ധിച്ചെങ്കിലും കെ.എസ്.ആർ.ടി.സിയിലെ ഒരുവിഭാഗം പെൻഷൻകാർ തുച്ഛമായ തുക കൊണ്ട് വേണം ജീവിക്കാൻ. സർവീസിൽ നിന്ന് വിരമിച്ച ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് എന്നിവരാണ് ചെറിയ തുകകൊണ്ട് ഒരുമാസം ജീവിക്കേണ്ടത്. പെൻഷൻകാർക്ക് 4000 രൂപയും കുടുംബപെൻഷൻകാർക്ക് 1350 രൂപയുമാണ് നിലവിലെ പെൻഷൻ.

ഈ വിഭാഗത്തിൽ സംസ്ഥാനത്ത് 5000ഓളം പെൻഷൻകാരുണ്ട്. 15 വർഷം മുമ്പാണ് കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പരിഷ്കകരണം നടന്നത്. പിന്നീട് പലതവണ പരിഷ്കരണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നുമുണ്ടായില്ല.

ജനുവരിയിൽ സർക്കാരുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാക്ക് നൽകിയെങ്കിലും ഇതുവരെ ഒരു നീക്കവും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി, ധന മന്ത്രി, ഗതാഗത മന്ത്രി എന്നിവരുമായാണ് ചർച്ച നടത്തിയത്. ഇതോടെ 38 ദിവസമായി നടത്തിയിരുന്ന സമരം സർക്കാരിനെ വിശ്വസിച്ച് അവസാനിപ്പിക്കുകയും ചെയ്തു. പെൻഷൻ പരിഷ്കരണം നടപ്പാക്കിയാൽ 2500 രൂപവരെ അധികമായി ഇവർക്ക് ലഭിക്കും. മുൻകാല പ്രാബല്യത്തോടെ പെൻഷൻ പരിഷ്കരണം വേണ്ട എന്ന് പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ നീക്കുപോക്കുകൾ ഉണ്ടായിട്ടില്ല. പെൻഷൻ പരിഷ്കരിച്ചാൽ 12.5 കോടി രൂപ ഒരുമാസം വേണ്ടിവരും. ഒരുവർഷം ഇതിനായ 150 കോടി വേണ്ടിവരുമെന്നാണ് സർക്കാർ പറയുന്നത്.

ഉത്സവബത്തയുമില്ല

കഴിഞ്ഞ ആറുവർഷമായി ഇവർക്ക് ഉത്സവ ബത്ത ലഭിച്ചിട്ടില്ല.1000 രൂപ വീതം ഇത്തവണ ഉത്സവബത്ത നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഓർഡർ പോലും ഇറങ്ങിയിട്ടില്ല. ഓണത്തിന് മുമ്പ് ഓർഡർ ഇറങ്ങിയില്ലെങ്കിൽ തിരുവോണത്തിന് എല്ലാ ഡിപ്പോകളിലും സെക്രട്ടേറിയറ്റിലും സമരം നടത്തുമെന്നും തുടർന്ന് അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് തീരുമാനം.

പെൻഷൻ പരിഷ്കരണം നടത്തണമെന്ന ന്യായമായ ആവശ്യമാണ് നടപ്പിലാകാതെ പോകുന്നത്. എല്ലാ മേഖലയിലും ഉത്സവ ബത്ത നൽകുമ്പോൾ കെ.എസ്.ആർ.ടി.സി പെൻഷൻകാർ തഴയപ്പെടുന്നു

-ബേബി പാറക്കാടൻ,​ യൂണിറ്റ് പ്രസിഡന്റ്

കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ