ഇ- മാലിന്യ ശേഖരണത്തിൽ മുന്നിലാണ് ആലപ്പുഴ
ആലപ്പുഴ: ഒന്നരമാസം കൊണ്ട് ജില്ലയിൽ ഹരിതകർമ്മ സേന ശേഖരിച്ചത് 15936.34 കിലോ ഇ-മാലിന്യം. ജില്ലയിലെ നഗരസഭയിലെ വാർഡുകളിൽ നിന്നാണ് കുറഞ്ഞ സമയംകൊണ്ട് ഹരിതകർമ്മ സേന ഇത്രയും അധികം മാലിന്യം ശേഖരിച്ച് ക്ലീൻകേരള കമ്പനിക്ക് കൈമാറിയത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാലിന്യം ശേഖരിച്ച ജില്ലയും ആലപ്പുഴയാണ്.എന്നാൽ പുനചംക്രമണ യോഗ്യമായ മാലിന്യത്തിന് കൂടുതൽ പണം നൽകിയ പട്ടികയിൽ രണ്ടാംസ്ഥാനമാണ് ജില്ലയ്ക്ക്. ആലപ്പുഴയിൽ 117939 രൂപയാണ് ഈ ഇനത്തിൽ നൽകിയത്. ഒന്നാമതുള്ള എറണാകുളം ജില്ല 128889.6 രൂപയും മൂന്നാമതുള്ള കോട്ടയം ജില്ല 110316 രൂപയുമാണ് നൽകിയത്. സംസ്ഥാനത്ത് ഇതുവരെ ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത് 79299.67 കിലോ ഇ-മാലിന്യമാണ്. ഇ-മാലിന്യം ശേഖരിച്ചതിലൂടെ ഹരിതകർമസേന വീടുകളിലേക്ക് നൽകിയത് 639541.66 രൂപയാണ്. 43 ഇനം ഇ- മാലിന്യമാണ് സർക്കാർ ശേഖരിക്കുന്നത്. ഒരു കിലോയ്ക്ക് പഴയ റഫ്രിജിറേറ്ററിന് 16 രൂപയാണ് വില. ലാപ്‌ടോപ്പ്- 104, എൽ.സി.ഡി, എ.ഇ.ഡി ടിവി- 16, ടോപ് ലോഡ് വാഷിംഗ് മെഷീൻ- 16, ഫ്രണ്ട് ലോഡ്- 9, സീലിംഗ് ഫാൻ- 41, മൊബൈൽ ഫോൺ- 115, സ്വിച്ച് ബോർഡ്- 17, എയർ കണ്ടീഷണർ- 58 എന്നിങ്ങനെയാണ് ഒരു കിലോയ്ക്കുള്ള നിരക്കുകൾ.
ശേഖരിച്ചത് 43 ഇനം മാലിന്യം
1. എല്ലാ ജില്ലകളിൽ നിന്നായി 93 നഗരസഭകളിലാണ് പദ്ധതി നടപ്പാക്കിയത്. ആകെ 3503 വാർഡുകളുമുണ്ട്. ഇതിൽ 1082 വാർഡുകളിലാണ് ശേഖരണം നടന്നത്. ആലപ്പുഴയിൽ ആറു നഗരസഭകളിലായി 215 വാർഡുകളാണുള്ളത്. ഇതിൽ 101 വാർഡുകളിൽനിന്ന് ശേഖരിച്ചതാണിത്. ജൂലായ് 15നാണ് ഹരിതകർമസേന ഇമാലിന്യം പണം നൽകി ശേഖരിക്കുന്ന പദ്ധതി തുടങ്ങിയത്.
2.മാലിന്യ ശേഖരണത്തിന്റെ കൂടെ ആപത്കരമായ മാലിന്യങ്ങളായ
ഫ്‌ളൂറസന്റ് ട്യൂബുകൾ, സി.എഫ്.എൽ ബൾബുകൾ, ഫ്ളോപ്പി ഡിസ്കുകൾ എന്നിവ ശേഖരിച്ചത് നാല് ജില്ലകളിൽ നിന്നാണ്. ആകെ 4462.05 കിലോ മാലിന്യം ശേഖരിച്ചു.
ആലപ്പുഴ- 345.15 കിലോ, കോട്ടയം 365.5, എറണാകുളം 551.4, കണ്ണൂർ 3200 എന്നിങ്ങനെയാണ് ശേഖരിച്ചത്.
പദ്ധതിനടപ്പാക്കിയത്:
93 നഗരസഭകൾ
മാലിന്യശേഖരണം (ജില്ല, കിലോ) തിരുവനന്തപുരം: 6420 കൊല്ലം: 1596.19 പത്തനംതിട്ട: 10235 ആലപ്പുഴ: 15936.34 കോട്ടയം: 7939.62 ഇടുക്കി: 890 എറണാകുളം: 15682.08 തൃശൂർ: 3218 പാലക്കാട്: 2225.54 മലപ്പുറം: 2888.9 കോഴിക്കോട്: 6260 കണ്ണൂർ: 3838 വയനാട്: 525 കാസർകോട്: 1645