ജനറൽ ആശുപത്രി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരില്ല : അത്യാഹിത വിഭാഗം അത്യാസന്ന നിലയിൽ

Wednesday 03 September 2025 12:00 AM IST

തൃശൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെന്ന പോലെ ദിനംപ്രതി രോഗികളെത്തുന്ന ജില്ലാ ജനറൽ ആശുപത്രിയിൽ കാഷ്വാലിറ്റി പ്രവർത്തനം തിങ്ങിഞെരുങ്ങി. അവധിദിനങ്ങളിൽ പോലും കാഷ്വാലിറ്റിയിൽ എഴുന്നൂറിലേറെ പേരെത്തുമ്പോൾ പരിശോധിക്കാൻ ഭൂരിഭാഗം ദിവസവും ഷിഫ്‌റ്റിലുള്ളത് ഒരാൾ മാത്രം. അപൂർവദിവസങ്ങളിൽ മാത്രമാണ് രണ്ട് പേരുടെ സേവനമുള്ളത്.

സാധാരണ ദിനങ്ങളിൽ ഈവനിംഗ് ഒ.പി നടപ്പിലാക്കിയാണ് ഒരു പരിധി വരെ പ്രവർത്തനം തള്ളിനീക്കുന്നത്. അവധി ദിവസങ്ങളിൽ ഈവനിംഗ് ഒ.പി ഇല്ല. പത്ത് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ പോസ്റ്റുണ്ടെങ്കിലേ രണ്ട് പേരെ ഡ്യൂട്ടിക്ക് നിയോഗിച്ച് മുന്നോട്ടുപോകാനാകൂ. നിലവിൽ ആറുപേരുടെ തസ്തിക മാത്രമാണുള്ളത്. രണ്ടുപേർ ഇതുവരെയും ചാർജെടുത്തിട്ടില്ല. നാലു പേരുമായി ഉന്തിത്തള്ളിയാണ് നീങ്ങുന്നത്.

ഇതുമൂലം കാഷ്വാലിറ്റിയിലെത്തുന്നവർ ഏറെ നേരം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. കാഷ്വാലിറ്റിയിലെത്തുന്നവരെ രോഗത്തിന്റെ അപകടാവസ്ഥ അനുസരിച്ച് തരം തിരിച്ചാണ് പരിശോധിക്കുന്നത്. ആദ്യം നോക്കേണ്ടവരെ റെഡ് ലിസ്റ്റിലും അത് കഴിഞ്ഞാൽ യെല്ലോ, അവസാനം ഗ്രീൻ എന്ന ക്രമത്തിലാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

"അപകടം ആദ്യം" ജനറൽ ആശുപത്രിയിൽ

അപകടങ്ങളിലേറെയും ആദ്യമെത്തുക ജില്ലാ ജനറൽ ആശുപത്രിയിലാണ്. ഇവിടെയെത്തി പ്രാഥമിക പരിശോധന നടത്തി ഗുരുതരമാണെങ്കിൽ മറ്റ് ആശുപത്രിയിലേക്ക് വിടും. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിനവുമെത്തുന്നത്. സ്ഥലപരിമിതിക്കുള്ളിലാണ് കാഷ്വാലിറ്റി പ്രവർത്തിക്കുന്നത്. പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നതിനാൽ പുനർനിർമ്മാണം നടത്താൻ പോലുമാകുന്നില്ല.

പ്രതികളുടെ വൈദ്യപരിശോധന

ജനറൽ ആശുപത്രിയിലേക്കാണ് പ്രതികളെയും കൊണ്ട് വൈദ്യപരിശോധനയ്ക്ക് പൊലീസെത്തുന്നത്. നഗരപരിധിയിലെ ആറോളം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രതികളെ ജനറൽ ആശുപത്രിയിലാണെത്തിക്കുന്നത്. വൈദ്യപരിശോധന നടത്തി ഇവരെ വിടണമെങ്കിൽ ഏറെ സമയമെടുക്കും. ഈ നേരമത്രയും മറ്റ് രോഗികൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. ഇവർ ഉടനെ അകത്തുകയറും. പലപ്പോഴും തർക്കങ്ങൾക്കും ഇടയാക്കാറുണ്ട്. പൊലീസുകാരെ സംബന്ധിച്ച് പ്രതികളുടെ നടപടിക്രമം പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കേണ്ടതുള്ളതിനാൽ എത്രയും പെട്ടെന്ന് പരിശോധന പൂർത്തിയാക്കണം. ഒരേ സമയം ഇരുപതോളം പേരെ കൊണ്ടുവരുന്ന സ്ഥിതിയുണ്ട്.