മൂന്നാം ഭരണത്തിന് വിശ്വാസികൾ ശരണം: ആഗോള അയ്യപ്പ സംഗമത്തിലൂടെ കളംമാറ്റാൻ സി.പി.എം

Wednesday 03 September 2025 1:51 AM IST

തിരുവനന്തപുരം: മൂന്നാം ഭരണം ഉറപ്പാക്കാനുള്ള സി.പി.എം കരുനീക്കം വിശ്വാസി സമൂഹത്തെ ചേർത്തു നിറുത്തുന്നതിലേക്ക് നീങ്ങിയതിന്റെ സൂചനകൾ ശക്തമായി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സി.പി.എമ്മിന്റെ നിലപാടു മാറ്റം ഇതിന്റെ ഭാഗമാണെന്നാണ് രാഷ്ടീയനിരീക്ഷകർ വിലയിരുത്തുന്നത്. 20ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും ഉൾപ്പെടെയുള്ള സാമുദായിക സംഘടനകളെയും ഭാഗമാക്കുക വഴി വോട്ട് ബാങ്ക് പ്രബലമാക്കാനാവും എന്നാണ് നിരീക്ഷണം. ഇതിന്റെ വ്യക്തമായ സൂചനയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നലെ നൽകിയത്.വിശ്വാസികൾക്കൊപ്പമാണ് പാർട്ടി. ശബരിമല യുവതീപ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണ് എന്നാണ് ഇന്നലെ എം.വി. ഗോവിന്ദൻ തുറന്നുപറഞ്ഞത്.

അയ്യപ്പ സംഗമത്തിന്റെ സംഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണെങ്കിലും അതിന്റെ രാഷ്ട്രീയ സ്കെച്ച് തയ്യാറാവുന്നത് പാർട്ടി അണിയറയിലാണ്. യു.ഡി.എഫിനെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം. സി.പി.എം എന്നും വിശ്വാസികൾക്കൊപ്പമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സ്ത്രീ പ്രവേശന വിഷയത്തിൽ കോടതിയിൽ തിരുത്തൽ നടപടികളിലേക്ക് ദേവസ്വം ബോർഡും കടക്കുകയാണ്.

ആഗോള അയ്യപ്പ സംഗമത്തിന്റെ പിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞതിനാലാണ് സംഗമവുമായി സഹകരിക്കേണ്ടതില്ലെന്ന് യു.ഡി.എഫ് തീരുമാനിച്ചത്. എൻ.എസ്.എസിനെ നിശിതമായി വിമർശിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം തുനിഞ്ഞതിന്റെ കാരണവും മറ്റൊന്നല്ല.

 ലക്ഷ്യം ഈഴവ വോട്ട് ചോർച്ച തടയലും

എസ്.എൻ.ഡി.പി യോഗ നേതൃത്വം ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതലേ ഏറെ ഇഴയടുപ്പത്തിലാണ്. എന്നാൽ സി.പി.എമ്മിന്റെ നട്ടെല്ലായ ഈഴവ സമുദായത്തിൽ നിന്ന് സമീപകാലത്തുണ്ടായ വോട്ടുചോർച്ച തടയേണ്ടത് പാർട്ടിയുടെ ആവശ്യമാണ്. ശബരിമല യുവതീപ്രവേശന വിവാദ കാലത്ത് ബി.ജെ.പിയുമായി കൈകോർത്ത എൻ.എസ്.എസുമായി സി.പി.എം അത്ര നല്ല ബന്ധത്തിലായിരുന്നില്ല. കുറച്ചു നാൾ മുമ്പ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അപകടത്തെത്തുടർന്ന് പെരുന്ന ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ,​ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സന്ദർശിച്ചത് ഈ അകൽച്ച കുറയ്ക്കാൻ നിമിത്തമായി.

ന്യൂനപക്ഷ വിഭാഗങ്ങളിലെ ചിലരിൽ നിന്ന് പിണറായി സർക്കാരിന് സമീപകാലത്ത് ചില വിമർശനങ്ങൾ നേരിടേണ്ടി വന്നു. എങ്കിലും, എസ്.എൻ.ഡി.പി യോഗവുമായും എൻ.എസ്.എസുമായും തോളുരുമ്മി പോകാൻ കഴിഞ്ഞാൽ, യു.ഡി.എഫിനെയും ബി.ജെ.പിയെയും പ്രതിരോധിക്കാനാവുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ. ശബരിമല വിവാദ കാലത്ത് നവോത്ഥാന സംരക്ഷണ സമിതിയുമായി സഹകരിച്ച കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, സർക്കാരിന്റെ നിലപാട് മാറ്റത്തെ വിമർശിച്ചു. എങ്കിലും, അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.