ബില്ലുകളിൽ സുപ്രീംകോടതി: രാഷ്ട്രപതിക്കും ഗവ‌ർണർക്കും സമയപരിധി നിശ്ചയിക്കണ്ട

Wednesday 03 September 2025 12:53 AM IST

ന്യൂഡൽഹി: നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും മൂന്നു മാസം സമയ പരിധി നിശ്ചയിച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ നിലപാട് തള്ളി അഞ്ചംഗ ഭരണഘടനാ ബെഞ്ച്. ചിലയിടങ്ങളിലെ വൈകൽ ചൂണ്ടിക്കാട്ടി സമയ പരിധി നിശ്ചയിച്ചത് ന്യായീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ വിശാല ബെഞ്ച് നിരീക്ഷിച്ചു.

ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയ പരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ, രാഷ്ട്രപതി സുപ്രീം കോടതിക്കയച്ച റഫറൻസ് നിലനിൽക്കുമോയെന്നതിൽ വാദം കേൾക്കുകയായിരുന്നു വിശാല ബെഞ്ച്. രാഷ്ട്രപതിയും ഗവർണറും ബില്ലുകളിൽ അടയിരിക്കുന്ന സംഭവങ്ങളുണ്ടെങ്കിൽ കക്ഷികൾക്ക് കോടതിയെ സമീപിക്കാം. ആ കേസിന്റെ സാഹചര്യം നോക്കി കോടതിക്ക് സമയ പരിധി നിശ്ചയിക്കാം. അതിനർത്ഥം പൊതുവായ സമയപരിധി നിശ്ചയിക്കണമെന്നല്ല.

ഭരണഘടനയിൽ 'എത്രയും വേഗം" എന്നു മാത്രമാണ് നിഷ്‌കർഷിച്ചിട്ടുള്ളത്. തമിഴ്നാട് സർക്കാരും ഗവർണറും തമ്മിലുള്ള കേസിലാണ് മൂന്നു മാസമെന്ന സമയപരിധി രാഷ്ട്രപതിക്കും ഗവർണർമാർക്കും ബാധകമാക്കിയത്. ഇതിനെ തമിഴ്നാടിന് വേണ്ടി ഹാജരായ അഡ്വ. അഭിഷേക് മനു സിംഗ്‌വി ഇന്നലെയും അനകൂലിച്ചു. സമയ പരിധി പാലിച്ചില്ലെങ്കിൽ രാഷ്ട്രപതിയെയും ഗവർണറെയും കോടതിയലക്ഷ്യത്തിന് ശിക്ഷിക്കാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു.

 രാഷ്ട്രീയ പാർട്ടി ഏതെന്നത് വിഷയമല്ല

ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ ജുഡിഷ്യൽ ഉത്തരവുകൾക്ക് അതിനു കഴിയുമോ, ഭരണഘടനയിലെ 142-ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരത്തിന് പരിമിതികളില്ലേ തുടങ്ങി 14 ചോദ്യങ്ങളാണ് റഫറൻസിൽ രാഷ്ട്രപതി ഉന്നയിച്ചിരുന്നത്. ഇതിൽ തീരുമാനമെടുക്കുമ്പോൾ ഇപ്പോഴത്തെ ഭരണകക്ഷി ഏതാണ്, മുമ്പത്തേത് ഏതാണ് എന്നതൊന്നും കോടതിക്ക് വിഷയമല്ലെന്ന് വിശാല ബെഞ്ച് കൂട്ടിച്ചേർത്തു. വാദം കേൾക്കൽ ഇന്നും തുടരും.