അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു

Wednesday 03 September 2025 1:02 AM IST

കട്ടപ്പന : പിഎംഎവൈ പദ്ധതി പദ്ധതി പ്രകാരം നിർമിക്കേണ്ട വീടിന് പെർമിറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കാൻസർ രോഗിയും വിധവയുമായ വീട്ടമ്മ കാഞ്ചിയാർ പഞ്ചായത്ത് ഓഫിസ് പടിക്കൽ നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പിഎംഎവൈ പദ്ധതി പ്രകാരം അനുവദിച്ച വീടിന് പെർമിറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 29 മുതലാണ് കോവിൽമല പുതുപ്പറമ്പിൽ കെ.ബി.ഓമന(വീണ) സമരം നടത്തിവന്നിരുന്നത്. എൽ.ഡി.എഫ് നേതാക്കൾ സമരപന്തലിലെത്തി മന്ത്രിയുമായി ഓമനയെ ഫോണിൽ സംസാരിപ്പിക്കുകയായിരുന്നു. 19ന് മുൻപ് പ്രശ്നം പരിഹരിക്കാൻ നടപടിയെടുത്ത് അക്കാര്യം അറിയിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഓമന പറഞ്ഞു. അനുമതി ലഭിക്കാത്തിനാൽ വീട് നിർമിക്കാനാവാതെ കഴിയുന്ന കോവിൽമല നിവാസികൾക്കും കൈവശരേഖ നൽകണമെന്ന് ഓമന മന്ത്രിയോട് ആവശ്യപ്പെട്ടു.