25 കോടിയുടെ ട്രേഡിംഗ് തട്ടിപ്പ് അന്വേഷണം മലയാളിയായ ഡാനിയേലിനെ ചുറ്റിപ്പറ്റി
കൊച്ചി: 25 കോടി രൂപയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് കേസിൽ അന്വേഷണം മലയാളിയായ ഡാനിയേലിനെ കേന്ദ്രീകരിച്ച്. ഇയാൾ മുഖേനയാണ് കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമ കാപിറ്റലിക്‌സ് എന്ന ട്രേഡിംഗ് സൈറ്റിലൂടെയും ആപ്പിലൂടെയും നിക്ഷേപം നടത്തിയത്. ഫോൺ വഴി മാത്രമേ പരാതിക്കാരന് ഡാനിയേലിനെ പരിചയമുള്ളൂ. ഫോണിൽ സംസാരിച്ചതിന്റെയും ടെലിഗ്രാമിലെ ആശയവിനിമയത്തിന്റെയും തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഡാനിയേലിനെക്കുറിച്ച് മറ്റ് വിവരങ്ങൾ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണ്.
ഡാനിയേലെന്നത് വ്യാജപ്പേരാണെന്ന് കരുതുന്നു. പരാതിക്കാരനുമായി തട്ടിപ്പുസംഘം സമൂഹമാദ്ധ്യമങ്ങളിലൂടെയടക്കം നടത്തിയ ആശയവിനിമയങ്ങളുടെ പൂർണവിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. കാപിറ്റലിക്‌സ് കമ്പനി യഥാർത്ഥമാണോ, ഓൺലൈൻ ട്രേഡിംഗ് നടത്തുന്നുണ്ടോ, ഇന്ത്യയിൽ ക്യാപിറ്റലിക്‌സിന് രജിസ്‌ട്രേഷനുണ്ടോ തുടങ്ങിയ കാര്യങ്ങളിലേക്കും അന്വേഷണം നീളും. വ്യവസായി പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും വിവര ശേഖരണം ആംഭിച്ചിട്ടുണ്ട്. ഒരു ബാങ്കിന്റെ വിവിധയിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചിട്ടുള്ളത്.
ക്യാപിറ്റലിക്‌സ് രജിസ്റ്റർ ചെയ്തിരിക്കുന്നത് കാലിഫോർണിയയിലാണെന്ന് സൈബർ പൊലീസ് കണ്ടെത്തി. രാജ്യാന്തര സൈബർ തട്ടിപ്പുകളിൽ നേരത്തെയും പ്രതിസ്ഥാനത്ത് വന്ന കമ്പനിയാണ് ക്യാപിറ്റലിക്‌സ്.
എളംകുളം സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയെ കബളിപ്പിച്ച് 2023 മാർച്ച് മുതൽ 2025 വരെയുള്ള കാലയളവിലാണ് 24.7 കോടി തട്ടിപ്പ്‌സംഘം കൈക്കലാക്കിയത്. ഓരോ തവണ നിക്ഷേപിക്കുമ്പോഴും ഇരട്ടി തുക അക്കൗണ്ടിൽ ലാഭമായി കാണിച്ചിരുന്നു. നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് വ്യാജ ആപ്പാണെന്നു മനസിലായത്.