സ്വർണക്കടത്ത് കേസ്: രന്യയ്ക്ക് 102 കോടി രൂപ പിഴ

Wednesday 03 September 2025 12:28 AM IST

ബംഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് 102 കോടി രൂപ പിഴ ചുമത്തി. കൂട്ടാളികളായ ഹോട്ടൽ വ്യവസായി തരുൺ കൊണ്ടരാജുവിന് 63 കോടിയും ജുവലറി ഉടമകളായ സാഹിൽ സക്കറിയ ജെയിൻ, ഭരത് കുമാർ ജെയിൻ എന്നിവർക്ക് 56 കോടി വീതവുമാണ് പുഴ ചുമത്തിയത്. ഇന്നലെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ ബംഗളൂരു സെൻട്രൽ ജയിലിലെത്തി, ഇരുവർക്കും 250 പേജുള്ള നോട്ടീസും 2,500 പേജുള്ള അനുബന്ധവും നൽകി.

14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ മാർച്ച് 3നാണ് രന്യ ബംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത്. ദുബായിൽ നിന്ന് മടങ്ങിയെത്തുന്ന സമയത്താണ് നടി പിടിയിലായത്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചും നടി സ്വർണം കടത്താൻ ശ്രമിച്ചുവെന്നതാണ് കേസ്.

കർണാടകയിലെ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കെ. രാമചന്ദ്രറാവുവിന്റെ മകളാണ് രന്യ റാവു. നേരത്തെ. കോഫെപോസ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ നടിക്ക് ഒരുവർഷത്തെ തടവ് വിധിച്ചിരുന്നു.