ഷാജൻ സ്‌കറിയക്കെതിരായ ആക്രമണം: പ്രതികൾക്ക് ജാമ്യം
Wednesday 03 September 2025 1:36 AM IST
തൊടുപുഴ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ ആക്രമിച്ച കേസിൽ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു. ഇടവെട്ടി ആലയ്ക്കൽ ഷിയാസ് (28) മുതലക്കോടം കൊല്ലപ്പിള്ളിൽ വീട്ടിൽ മാത്യൂസ്, തെക്കുംഭാഗം ആനിക്കാട്ടിൽ വീട്ടിൽ ടോണി തോമസ് (30) ഇടവെട്ടി കൊച്ചുവീട്ടിൽ അക്ബർ അലി (24) എന്നിവർക്കാണ് ഇന്നലെ മുട്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഞായറാഴ്ച ബംഗളൂരുവിരിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെ ഇന്നലെയാണ് മുട്ടം കോടതിയിൽ ഹാജരാക്കിയത്.കേസിലെ മുഖ്യപ്രതി മാത്യൂസ് കൊല്ലപ്പിള്ളിക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.പൊലീസിന്റെ റൗഡി ഹിസ്റ്ററി ഷീറ്റിലുള്ളയാളാണ് മാത്യൂസ്. പ്രതികളെല്ലാം ഡിവൈ.എഫ്.ഐയുടെ സജീവ പ്രവർത്തകരാണ്. അതേസമയം ഷാജൻ സ്‌കറിയക്കെതിരായി നടന്ന ആക്രമണത്തെ ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ് ശരത് ന്യായീകരിച്ചു.