ബൈക്ക് യാത്രികനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

Wednesday 03 September 2025 1:52 AM IST

പേരാമംഗലം: പേരാമംഗലം മനപ്പടിയിൽ ആഗസ്റ്റ് 17ന് ജിഷ്ണു എന്നയാൾ ബൈക്കിൽ പോകുന്ന സമയത്ത് ഹോൺ അടിച്ചെന്ന് പറഞ്ഞ് ജിഷ്ണുവിനെ തടഞ്ഞുനിറുത്തിയ ശേഷം മൂക്കിന്റെ എല്ല് അടിച്ചുപൊട്ടിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടും മൂന്നും പ്രതികളായ അക്ഷയ്, ജിത്തു എന്നിവരെ പിടികൂടിയിരുന്നു. എന്നാൽ കേസിൽ മുഖ്യപ്രതിയായ ജിഷ്ണു എന്ന അപ്പുവിനെ പിടികൂടാനായിരുന്നില്ല.

വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നുമാണ് പിടികൂടിയത്. അക്ഷയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പേരാമംഗലം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അമീർഖാൻ, സിവിൽ പൊലീസ് ഓഫീസർമാരായ കിരൺ ലാൽ, അതുൽ എന്നിവർക്ക് പരിക്കേറ്റു.

പേരാമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.സി.രതീഷിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ പി.ആർ.ശരത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അമീർഖാൻ, രജിത്ത്, ഷിജിൻ, കിരൺ ലാൽ, അതുൽ ചന്ദ്രൻ എന്നിവരുമുണ്ടായിരുന്നു. ഈ കേസിലെ പ്രതിയായ അക്ഷയ് മുമ്പും നിരവധി ക്രിമിനൽകേസിൽ പ്രതിയാണ്.