കിം ജോങ് ഉൻ ചൈനയിൽ  മകൾ കിം ജു എയ്‌ക്കൊപ്പം 

Wednesday 03 September 2025 12:55 AM IST

ബെയ്ജിങ്:രണ്ടാം ലോക മഹായുദ്ധത്തിന്റെ സ്മരണയ്ക്കായി നടത്തുന്ന സൈനിക പരേഡിൽ പങ്കെടുക്കുന്നതിനായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മകൾ കിം ജു എയ്‌ക്കൊപ്പം ചൈനയിൽ.

പ്രത്യേക ട്രെയിനിൽ ബെയ്ജിങ്ങിലെത്തുന്ന കിം ജോങ് ഉൻ ഇന്ന് സൈനിക പരേഡിൽ പങ്കെടുക്കും.ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്,റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ എന്നിവരുമായി വേദി പങ്കിടും. റഷ്യയുമായും ചൈനയുമായുമുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി ഇത് ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.കൂടാതെ മ്യാന്മർ,ഇറാൻ,ക്യൂബ തുടങ്ങി 26 രാഷ്ട്രത്തലവന്മാരും പരേഡിൽ പങ്കെടുക്കുന്നുണ്ട്.അപൂർവമായി മാത്രമാണു ഉത്തരകൊറിയൻ നേതാവ് വിദേശ സന്ദർശനങ്ങൾ നടത്താറുള്ളത്.2019ൽ ചൈന സന്ദർശിച്ചതും 2023ൽ റഷ്യയിലെത്തി പുട്ടിനെയും കണ്ടതുമാണ് കിം ജോങ് ഉന്നിന്റെ അവസാന വിദേശ സന്ദർശനം.പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയുള്ള ട്രെയിനിലാണ് കിമ്മിന്റെ യാത്ര ചെയ്തത്.കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ 24 മണിക്കൂറെടുത്താണ് ബെയ്ജിങ്ങിലെത്തിയത്.സാധാരണയായി ചൈനീസ് സൈനിക പരേഡുകളിൽ പങ്കെടുക്കാൻ ഉത്തര കൊറിയ പ്രതിനിധികളെയാണ് അയക്കാറുള്ളത്.1959നു ശേഷം ആദ്യമായാണ് ഉത്തര കൊറിയൻ രാഷ്ട്രത്തലവൻ ചൈനയിൽ സൈനിക പരേഡിന്റെ ഭാഗമാകുന്നത്.