പുട്ടിനും ഷീയുമായുള്ള മോദിയുടെ കൂടിക്കാഴ്ച ലജ്ജാകരം: നവാരോ
വാഷിംഗ്ടൺ: ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായും നടത്തിയ കൂടിക്കാഴ്ച ലജ്ജാകരമെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ. റഷ്യയോടൊപ്പമല്ല,യു.എസിനോടൊമാണ് നിൽക്കേണ്ടതെന്ന് മോദി മനസിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയിൻ യുദ്ധത്തെ നവാരോ മോദിയുടെ യുദ്ധം എന്ന് വിശേഷിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. തുടർന്നാണിത്. ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യൻ സൈന്യത്തെ സഹായിക്കുന്നതിനാണ്. ഇത് യു.എസ് നികുതിദായകനു മേൽ അധികഭാരം ചുമത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇന്ത്യ ഉയർന്ന തീരുവയാണ് ഈടാക്കുന്നതെന്നും വിമർശനം ഉയർത്തിയിരുന്നു. ഇന്ത്യ-ചൈന-റഷ്യ ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനകൾ നൽകിയാണ് ഷാങ്‌ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടി സമാപിച്ചത്.