ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വില കുറച്ച് റഷ്യ
മോസ്കോ:യു.എസിന്റെ പ്രതികാര നടപടികൾ തുടരുന്നതിനിടെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വിലയിൽ വലിയ കിഴിവ് പ്രഖ്യാപിച്ച് റഷ്യ.ക്രൂഡ് ഓയിൽ ബാരലിന് 3 മുതൽ 4 ഡോളർ വരെ വിലക്കിഴിവാണ് റഷ്യ വരുത്തിയത്.സെപ്റ്റംബറിലും ഒക്ടോബറിലും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന യുരാൾ ഗ്രേഡിൽപ്പെട്ട ക്രൂഡ് ഓയിലിനാണ് വിലക്കിഴിവ് ചുമത്തിയതെന്നാണ് റിപ്പോർട്ട്.റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി ഇന്ത്യയ്ക്ക്മേൽ യു.എസ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു.ഇതിന് പിന്നാലെയാണിത്.ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ എണ്ണ വിറ്റു നേടുന്ന പണമാണ് റഷ്യ യുക്രെയ്ൻ യുദ്ധത്തിന് ഉപയോഗിക്കുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപിച്ചിരുന്നു.
ഇന്ത്യക്കെതിരെയുള്ള തീരുവ വർധനവിൽ അമേരിക്കയുടെ നടപടിയെ ന്യായീകരിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും രംഗത്തെത്തിയിരുന്നു. യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കാനാണ് ഇന്ത്യയ്ക്കെതിരെ തീരുവ പ്രഖ്യാപിച്ചതെന്നും യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണ് തീരുവയിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ‘ആക്രമണാത്മക സാമ്പത്തിക സ്വാധീനം’ ആണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും. അസംസ്കൃത എണ്ണ വിറ്റ് റഷ്യ കൂടുതൽ സമ്പന്നരാകുന്നത് ബുദ്ധിമുട്ടാകുമെന്നും വാൻസ് പറഞ്ഞു. യുക്രെയ്നിലെ ആക്രമണം തുടരുകയാണെങ്കിൽ റഷ്യ ഒറ്റപ്പെട്ട് നിൽക്കേണ്ടി വരുമെന്നും നിറുത്തിയാൽ ആഗോള സമ്പദ്വ്യവസ്ഥയിലേക്ക് തിരികെ എത്താനാവുമെന്നും അദ്ദേഹ കൂട്ടിച്ചേർത്തു.റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിന് സാധിക്കുമെന്നും വാൻസ് പറഞ്ഞു.ദേശീയ താൽപര്യമാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി നയങ്ങൾ തീരുമാനിക്കുന്നതെന്നും മികച്ച കരാർ ലഭിക്കുന്നിടത്തുനിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്നും ഇന്ത്യ മറുപടി നൽകിയിരുന്നു.