ഭൂകമ്പം: അഫ്‌ഗാനിൽ മരണം 1500 കവിഞ്ഞു, പരിക്കേറ്റത് മൂവായിരത്തിലധികം പേർക്ക്
കാബൂൾ: ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി അഫ്‌ഗാനിസ്ഥാനെ വിറപ്പിച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1500 കവിഞ്ഞു. മൂവായിരത്തിലേറെപ്പേർക്ക് പരിക്കേറ്റു. ഇതിൽ ഭൂരിപക്ഷത്തിന്റെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. പലയിടങ്ങളിലും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അതിനിടെ ജലാലബാദിന് സമീപത്ത് കഴിഞ്ഞദിവസവും ഭൂകമ്പം ഉണ്ടായി. 5.5 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്.
ഭൂകമ്പം ഉണ്ടായ സമയത്ത് ജനങ്ങൾ ഉറക്കത്തിലായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. തടിയും ചെളിയും കല്ലുകളും കൊണ്ടുണ്ടാക്കിയതാണ് ഭൂരിപക്ഷം വീടുകളും. ഇവയുടെ അവശിഷ്ടങ്ങൾ ശരീരത്തിൽ വീണാണ് കൂടുതൽപ്പേരും മരിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹങ്ങളിൽ പലതും.
അഫ്‌ഗാനിലെ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്രസമൂഹം മുന്നോട്ടുവരണമെന്ന് അഫ്‌ഗാനുവേണ്ടിയുള്ള യുഎൻ റസിഡന്റ് കോഡിനേറ്റർ ഇന്ദ്രിക രത്വാട്ടെ അഭ്യർത്ഥിച്ചു. കൂടുതൽ രാജ്യങ്ങളിൽനിന്ന് അഫ്‌ഗാനിസ്ഥാനിലേക്ക് സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ച രാത്രി 11.47നായിരുന്നു റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ജലാലാബാദിന് ഇരുപത്തേഴുകിലോമീറ്റർ വടക്കുകിഴക്കായി എട്ടുകിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അയൽരാജ്യമായ പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഏറെ വൈകിയാണ് പലയിടങ്ങളിലും രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഏറെ പണിപ്പെട്ടാണ് ഇവിടേയ്ക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നതുതന്നെ. യന്ത്രസാമഗ്രികളുടെ അഭാവവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. മരണസംഖ്യ ഉയരുന്നതിന് ഇതും ഒരു കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കൾക്കിടയിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാവാം എന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.